08 February, 2021 09:16:03 PM


'ഇനി ഒരു ചോദ്യവുമില്ല, അവസാനിച്ചു': വിദ്യാര്‍ഥിനിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി



കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യം ചോദിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയായിരുന്നു. സംവാദം അവസാനിപ്പിച്ച്‌ നന്ദി പറഞ്ഞതിന് ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.


'നവകേരളം യുവകേരളം: ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി' എന്ന വിഷയത്തില്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസില്‍ നടന്ന സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥിനിയോട് ക്ഷോഭിച്ചത്. നന്ദി പ്രകടനത്തിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാര്‍ഥിനി പറഞ്ഞു തുടങ്ങിയപ്പോള്‍, 'ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.' ഇങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു. 


മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലെ വിദ്യാര്‍ത്ഥികളാണ് ഇന്നത്തെ സംവാദത്തില്‍ പങ്കെടുത്തത്. ഇന്നത്തെ പരിപാടിയെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ പേജിലെ പോസ്റ്റ് ഇങ്ങനെ: പുതിയ ആശയങ്ങള്‍ - പുത്തന്‍ പ്രതീക്ഷകള്‍, അര്‍ത്ഥപൂര്‍ണ്ണമായ രണ്ട് സംവാദങ്ങള്‍ക്ക് ശേഷം ഇന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്യാമ്ബസിലാണ്. പുതിയ കുറെ കാര്യങ്ങള്‍ പഠിക്കാനും, വികസനം പുതിയ തലത്തില്‍ എത്തിക്കാനുമുള്ള ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ യുവത്വത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. നാലര വര്‍ഷം കൊണ്ട് കേരളത്തിന്റെ വികസന മേഖലയ്ക്ക് അടിത്തറ ഇട്ടുകഴിഞ്ഞു. ഇനിയൊരു കുതിച്ചു ചാട്ടമാണ്. ആ കുതിച്ചു ചാട്ടത്തില്‍ കേരള യുവത്വവും ഒപ്പമുണ്ടാകും. വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിന്റെ പ്രസക്തി ഇവിടെയാണ്.


അതെ സമയം മുഖ്യമന്ത്രിയുടെ രോഷം കലര്‍ന്ന പ്രതികരണം വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുഖ്യമന്ത്രിക്ക് ആ വിദ്യാര്‍ത്ഥിനിയോട് നല്ല രീതിയില്‍ പെരുമാറാമായിരുന്നു എന്നാണ് മിക്ക പേരും പ്രതികരണം അറിയിച്ചത്. അതിനിടയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദ്യാര്‍ത്ഥികളുമായി സനേഹത്തോടെ സംവദിക്കുന്ന വീഡിയോയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K