07 February, 2021 06:20:43 PM


ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു; തിരച്ചില്‍ തുടരുന്നു



ദില്ലി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പതി​നാറുപേരെ രക്ഷപ്പെടുത്തി​. 150 പേരെ കാണ്മാനില്ല . രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ ദേശീയ ദുരന്തനിവാരണസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. സൈന്യവും രംഗത്തിറങ്ങി.


പലയിടങ്ങളിലായി നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. വെളളപ്പാച്ചിലില്‍ തകര്‍ന്ന അളകനന്ദ നദിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായിരുന്ന 150 തൊഴിലാളികളെ കണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തിന്റെ ദുര്‍ഘടാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജോഷിമഠിന് സമീപത്തായിരുന്നു ഇന്ന് രാവിലെയാേടെ പടുകൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണത്.


കുത്തിയാെഴുകിയെത്തിയ വെളളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി നദികള്‍ കരകവിഞ്ഞു. വെളളം കുത്തിയൊലിച്ച്‌ എത്തിയതോടെ പല അണക്കെട്ടുകളും തുറന്നുവിട്ടു. അളകനന്ദ നദിയുടെ തീരത്തുളളവരെ ഒഴിപ്പിച്ചു. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങള്‍ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ തുടരുകയാണ്.ദുരന്തത്തിന്റെ സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി​യുമായി​ സംസാരിച്ചു. ഉത്തരാഖണ്ഡിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായും വ്യോമസേനയ്ക്ക് അടക്കം മുന്നറിയിപ്പ് നല്‍കിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.


എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ നടപടി തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റേയും പറഞ്ഞു.പ്രദേശത്ത് മിന്നല്‍ പ്രളയസാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഗംഗാനദിയുടെ കരയിലുളളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ധൗളിഗംഗ, ജോഷിമഠ് എന്നിവിടങ്ങളില്‍ വന്‍ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഭാഗീരഥി നദിയിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകളിലെ വെള്ളം ഒഴുക്കിക്കളയാന്‍ തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K