04 February, 2021 11:42:37 AM


അടച്ചിട്ട മുറിയില്‍ ആണും പെണ്ണും ഒറ്റക്കായാല്‍ അവിഹിത ബന്ധമാകില്ല - ഹൈക്കോടതി



ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളില്‍ ഒരു സ്​​ത്രീയും പുരുഷനും ഒറ്റക്കായാല്‍ അവര്‍ക്കിടയില്‍ അവിഹിത ബന്ധം നടന്നതായി കണക്കാക്കാനാകില്ലെന്ന്​ മദ്രാസ്​ ഹൈക്കോടതി. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം ധാരണകള്‍ വെച്ച്‌​ അച്ചടക്ക നടപടി സ്വീകരിക്കാനോ ശിക്ഷ വിധിക്കാനോ പാടില്ലെന്നും ജസ്​റ്റീസ്​ ആര്‍ സുരേഷ്​ കുമാര്‍ വ്യക്​തമാക്കി.


ഒരു വനിത കോണ്‍സ്​റ്റബിളിനൊപ്പം അടച്ചിട്ട വീട്ടില്‍ ഒറ്റക്കു കണ്ടെത്തിയതി​ന്‍റെ പേരില്‍ ആംഡ്​ റിസര്‍വ്​ഡ്​ പൊലീസ്​ കോണ്‍സ്​റ്റബിളിനെ സര്‍വീസില്‍നിന്ന്​ പുറത്താക്കിയ കേസ്​ പരിഗണിക്കവെയായിരുന്നു കോടതി ഇടപെടല്‍.  സര്‍വീസില്‍നിന്ന്​ പുറത്താക്കിയ ഉത്തരവ്​ കോടതി റദ്ദാക്കുകയും​ ചെയ്​തു.


1998ലാണ്​ കോണ്‍സ്​റ്റബള്‍ കെ. ശരവണ ബാബുവിനെ വനിത കോണ്‍സ്​റ്റബിളിനൊപ്പം കണ്ടത്​. അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോള്‍ അടച്ചിട്ട നിലയില്‍ കണ്ടതാണ്​ പ്രശ്​നമായത്​. തൊട്ടുചേര്‍ന്നുള്ള സ്വന്തം വീടി​ന്‍റെ താക്കോല്‍ ചോദിച്ച്‌​ വന്നതാണ്​ താന്‍ എന്നായിരുന്നു വനിത കോണ്‍സ്​റ്റബിളുടെ മറുപടി. ഇരുവരും സംസാരിച്ചുനില്‍ക്കുന്നത്​ കണ്ട ചിലര്‍ പുറത്തുനിന്ന്​ കുറ്റിയിട്ട ശേഷം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ​അന്വേഷണത്തില്‍ ആരോപണത്തെ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K