08 January, 2021 08:47:18 PM


സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സംബന്ധിച്ച തര്‍ക്കം; ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ രാജിവെച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് സംബന്ധിച്ച് ബിജെപി അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം. തര്‍ക്കം മൂത്തപ്പോള്‍ തത്സ്ഥാനം രാജി വെച്ച് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍.


വിദ്യാഭ്യാസകാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ തത്സ്ഥാനം രാജിവെച്ചത്. 15-ാം വാര്‍ഡില്‍നിന്ന് ജയിച്ച അജിശ്രീ മുരളിയും 34-ാം വാര്‍ഡില്‍ നിന്നും ജയിച്ച ഉഷാ സുരേഷും തമ്മിലായിരുന്നു തര്‍ക്കം ഉടലെടുത്തത്. എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായി അജിശ്രീ മുരളിയെ ബിജെപി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കാന്‍ ഉഷയും അജിശ്രീയും രംഗത്ത് വന്നതോടെയാണ് തര്‍ക്കമായത്.


ഇരുവര്‍ക്കും രണ്ടര വര്‍ഷം വീതം സ്ഥാനം ലഭ്യമാക്കാമെന്ന് പാര്‍ട്ടിയില്‍ ധാരണയായിരുന്നു. എന്നാല്‍ ആദ്യടേം ആര്‍ക്ക് വേണമെന്ന തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇതിനിടെ സമിതി അധ്യക്ഷസ്ഥാനം ലഭിക്കുന്നെങ്കില്‍ അത് തങ്ങളുടെ മെമ്പറായ അജിശ്രീയ്ക്ക് ആയിരിക്കണം എന്ന നിലപാടുമായി പേരൂരില്‍നിന്നുള്ള ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മുന്‍ ഭരണസമിതിയിലും കൌണ്‍സിലര്‍ ആയിരുന്ന അജിശ്രീ മുരളിയുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മറ്റേതൊരു കൌണ്‍സിലറെകാളും ഏറെ മികച്ചതായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ചൂണ്ടികാട്ടുന്നുമുണ്ട്. 


കഴിഞ്ഞ ദിവസം സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നതോടൊപ്പം സമിതി അധ്യക്ഷര്‍ക്കായി നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചിരുന്നു. വികസനം, ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, ധനകാര്യം ഇവയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഏതാണ്ട് ധാരണയായിരുന്നു. അവശേഷിക്കുന്ന വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷയുടെ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഉഷാ സുരേഷ് ഹാളിലേക്ക് കടന്നുചെന്നത് അല്‍പ്പം താമസിച്ച്.


നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിക്കുന്ന സമയം കഴിഞ്ഞുവെന്ന് വരണാധികാരി പ്രഖ്യാപിച്ച പിന്നാലെയാണ് ഉഷാ സുരേഷ് ഹാളിലേക്ക് കടന്നുവന്നത്. യുഡിഎഫ് നേതാക്കള്‍ ഉഷയ്ക്ക് അനുകൂലമായി നിലകൊള്ളുകയും പത്രിക വാങ്ങാമെന്ന് പറയുകയും ചെയ്തുവെങ്കിലും എല്‍ഡിഎഫ് നേതാവ് പി.എസ് വിനോദ് ഈ നടപടിയെ ശക്തിയായി എതിര്‍ത്തു. ഇതോടെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമായ ഉഷയെ ധനകാര്യസ്ഥിരം സമിതിയില്‍ അംഗമായി നോമിനേറ്റ് ചെയ്യുകയായിരുന്നു. അജിശ്രി മുരളിയെ ആരോഗ്യസ്ഥിരം സമിതിയിലേക്കും നോമിനേറ്റ് ചെയ്തു. 


തുടര്‍ന്നാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നേടാനുള്ള സഹഅംഗത്തിന്‍റെ നടപടികളില്‍ പ്രതിഷേധിച്ചാണത്രേ അജിശ്രീ മുരളി പാര്‍ട്ടിയുടെ മുനിസിപ്പല്‍ പ്രസിഡന്‍റിന് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവെച്ചുകൊണ്ടുളള കത്ത് നല്‍കിയത്. അജിശ്രീ രാജിവെച്ച ഒഴിവില്‍ ഇനി ഉഷാ സുരേഷ് തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ഒരു സ്വതന്ത്ര ഉള്‍പ്പെടെ ബിജെപിയ്ക്ക് നഗരസഭയില്‍ ഏഴ് അംഗങ്ങളാണ് ഉള്ളത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K