14 December, 2020 05:43:21 PM


കാത്തിരിപ്പിന് മറ്റന്നാള്‍ വിരാമം; വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു



കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ സംസ്ഥാനത്താകെ പുരോഗമിക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും വോട്ടെണ്ണല്‍ നടത്തുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നാളെ അണുവിമുക്തമാക്കും. വോട്ടെണ്ണല്‍ ദിവസം ഹാളിനുള്ളിലും പുറത്തും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.


കോട്ടയം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളില്‍തന്നെയാണ് ഡിസംബര്‍ 16ന് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ നടക്കുക. ഇവയ്ക്കു പുറമെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഇവിടെയും കോട്ടയം മുനിസിപ്പാലിറ്റിയിലും സന്ദര്‍ശനം നടത്തിയ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന ക്രമീകരണങ്ങള്‍ വിലയിരുത്തി.


ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ഏജന്റിനു പുറമെ ഒരു കൗണ്ടിംഗ് ഏജന്റിനെ മാത്രം  വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ഏജന്റിനു പുറമെ അവര്‍ മത്സരിക്കുന്ന വാര്‍ഡുകള്‍ ഉള്‍പ്പെട്ടുവരുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഒരാള്‍ വീതം എന്ന ക്രമത്തില്‍ കൗണ്ടിംഗ് ഏജന്റുമാരെ ചുമതലപ്പെടുത്താവുന്നതാണ്. 


കൗണ്ടിംഗ് ഏജന്റുമാര്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ആഹ്ലാദ പ്രകടനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. 

കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചുവടെ.

ബ്ലോക്ക് തലം

1.  വൈക്കം ബ്ലോക്ക്- വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് എച്ച്. എസ്.എസ്                   
2. കടുത്തുരുത്തി ബ്ലോക്ക്- കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് എച്ച്. എസ്.എസ്
3. ഏറ്റുമാനൂര്‍ ബ്ലോക്ക്- അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്. എസ്
4. ഉഴവൂര്‍ ബ്ലോക്ക് -കുറവിലങ്ങാട് ദേവമാതാ കോളേജ്
5. ളാലം ബ്ലോക്ക്- പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജ്
6. ഈരാറ്റുപേട്ട ബ്ലോക്ക്- അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയം
7. പാമ്പാടി ബ്ലോക്ക്- വെള്ളൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍
8. മാടപ്പള്ളി ബ്ലോക്ക്- ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
9. വാഴൂര്‍ ബ്ലോക്ക്-നെടുംകുന്നം ബൈ സെന്റിനറി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്റര്‍
10. കാഞ്ഞിരപ്പള്ളി ബ്ലോക്ക്- കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്. എസ്.എസ്
11. പള്ളം ബ്ലോക്ക്-മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് എച്ച്. എസ്

മുനിസിപ്പാലിറ്റികള്‍

12. മുനിസിപ്പല്‍ ഹാള്‍ ചങ്ങനാശേരി
13. മുനിസിപ്പല്‍ ഹാള്‍ കോട്ടയം
14.മുനിസിപ്പല്‍ ഹാള്‍ വൈക്കം
15. മുനിസിപ്പല്‍ ഹാള്‍ പാലാ 
16. ഏറ്റുമാനൂര്‍  എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ് 
17. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഗോള്‍ഡന്‍ ജൂബിലി ഹാള്‍


തപാല്‍ വോട്ടുകള്‍ കൈമാറാന്‍ പ്രത്യേക സംവിധാനം


ഓരോ തലത്തിലും ലഭിക്കുന്ന മറ്റു തലങ്ങളിലെ തപാല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു മുന്‍പ് അതത് വരണാധികാരികള്‍ക്ക് കൈമാറുന്നതിന് പ്രത്യേക മെസഞ്ചര്‍ സംവിധാനമുണ്ടാകും. ഇതിനായി വരണാധികാരികള്‍ തപാല്‍ ബാലറ്റും സത്യപ്രസ്താവനയും അടങ്ങിയ ഫോറം 19, ഫോറം 19 ഇ എന്നീ വലിയ കവറുകളിലെ മേല്‍വിലാസം മുന്‍കൂറായി പരിശോധിക്കും. ഓരോ തലത്തിലെയും തപാല്‍ ബാലറ്റുകള്‍ വരണാധികാരികള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. 


ത്രിതല പഞ്ചായത്തുകളില്‍ ഓരോ തലത്തിലെയും സാധാരണ തപാല്‍ ബാലറ്റുകളും പ്രത്യേക തപാല്‍ ബാലറ്റുകളും അതത് വരണാധികാരികളാണ് എണ്ണുക. മുനിസിപ്പാലിറ്റികളില്‍ വരണാധികാരികള്‍ തങ്ങളുടെ ചുമതലയിലുള്ള വാര്‍ഡുകളുടെ തപാല്‍ വോട്ടുകളാണ് എണ്ണുക. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനു മുന്‍പ് തപാല്‍ ബാലറ്റ് അടങ്ങിയ ചെറിയ കവറിനൊപ്പം സാക്ഷ്യപ്പെടുത്തിയ ഫോറം 16 സിയിലുള്ള സത്യപ്രസ്താവനയുണ്ടെന്ന് ഉറപ്പാക്കണം. 


സാധാരണ തപാല്‍ ബാലറ്റിനും സ്‌പെഷ്യല്‍ തപാല്‍ ബാലറ്റിനുമൊപ്പം വോട്ടര്‍മാര്‍ സമര്‍പ്പിക്കുന്ന ഫോറം 16ലെ സത്യപ്രസ്താവന 'സാഷ്യപ്പെടുത്തുന്ന ഓഫീസറുടെ ഒപ്പും മേല്‍വിലാസവും ചേര്‍ത്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സീലോ ഓഫീസ് സീലോ ഇല്ലെന്ന കാരണത്താല്‍ ബാലറ്റ് തള്ളിക്കളയില്ല. വോട്ടെണ്ണല്‍ ആരംഭിച്ചശേഷം വരണാധികാരികള്‍ക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ അടങ്ങിയ കവറുകള്‍ ഒരു കാരണവശാലും തുറക്കാന്‍ പാടില്ല. അവയ്ക്കു പുറത്ത് സ്വീകരിച്ച സമയം എഴുതി മറ്റു രേഖകള്‍ക്കൊപ്പം സുരക്ഷിതമായി സൂക്ഷിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K