13 December, 2020 06:32:26 AM


തദ്ദേശ തെരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് നാളെ



തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. പോളിങ് സാമഗ്രികള്‍ ഇന്ന് വിതരണം ചെയ്യും. കമാന്‍ഡോ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ പോളിങ് സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്.


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മൂന്നാഘട്ടത്തില്‍ നാല് ജില്ലകളിലെ 89,37,158 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുന്‍സിപാലിറ്റി, കോര്‍പറേഷന്‍ എന്നിവയിലായി 22969 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. പോളിങ് സാമഗ്രി വിതരണം ഇന്ന് രാവിലെ 8 മുതല്‍ തുടങ്ങും.


കോവിഡ് സാഹചര്യം പരിഗണിച്ച് വിവിധ ഡിവിഷനുകള്‍ക്ക് പ്രത്യേക സമയക്രമം പാലിച്ചാണ് വിതരണം നടത്തുക. പോളിങ് സാമഗ്രികള്‍ക്കൊപ്പം പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്ക് തുടങ്ങി കോവിഡ് തടയാനുള്ള സാമഗ്രികളും വിതരണം ചെയ്യുന്നുണ്ട്. നാല് ജില്ലകളിലായി 10,934 പോളിങ് കേന്ദ്രങ്ങളാണുള്ളത്. പോളിങ് ബൂത്തിലെത്തുന്നവര്‍ സ്വന്തമായി പേന കൊണ്ടുവരുന്നത് ഉള്‍പ്പെടെ കോവിഡ് ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ ജില്ലാ വരണാധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


മലപ്പുറത്ത് 100ഉം കോഴിക്കോട് 120ഉം കണ്ണൂരില്‍ 940ഉം കാസര്‍കോട് 127ഉം പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇവയില്‍ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിങ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യപ്പെടുന്നിടത്ത് സ്ഥാനാര്‍ഥികളുടെ ചെലവിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷക്കായി കമാന്‍ഡോ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K