08 December, 2020 05:32:08 PM


തിരഞ്ഞെടുപ്പിന് തലേന്ന് കോവിഡ് സ്ഥിരീകരിച്ചാല്‍ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാം



കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കോട്ടയം ജില്ല പൂര്‍ണമായും സജ്ജമായതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ ഒന്‍പതിന് ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളിലെ 17 കേന്ദ്രങ്ങളില്‍ നടക്കും. തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേകമായി അനുവദിച്ച സമയത്താണ് വിതരണം.


ഡിസംബര്‍ പത്തിന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് തിരഞ്ഞെടുപ്പ്. വിതരണ കേന്ദ്രങ്ങളിലെയും പോളിംഗ് ബൂത്തുകളിലെയും ക്രമീകരണങ്ങള്‍ കുറ്റമറ്റതെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.


ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലുമായി ആകെ 1512 നിയോജക മണ്ഡലങ്ങളിലായി(ജില്ലാ പഞ്ചായത്ത്-22, ബ്ലോക്ക് പഞ്ചായത്തുകള്‍-146, ഗ്രാമപഞ്ചായത്തുകള്‍-1140, മുനിസിപ്പാലിറ്റികള്‍-204) 5432 സ്ഥാനാര്‍ഥികളാണ്(ജില്ലാ പഞ്ചായത്ത് -89, ബ്ലോക്ക് പഞ്ചായത്തുകള്‍-491 ഗ്രാമപഞ്ചായത്തുകള്‍-4118, മുനിസിപ്പാലിറ്റികള്‍-734) ജില്ലയില്‍ മത്സര രംഗത്തുള്ളത്. 


ആകെ 1613594 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 833032 സ്ത്രീകളും 780551 പുരുഷന്‍മാരും മറ്റു വിഭാഗത്തില്‍പെടുന്ന 11 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 1372533 ഉം മുനിസിപ്പാലിറ്റികളില്‍ 241061 ഉം വോട്ടര്‍മാരാണുള്ളത്. ഏറ്റവുമധികം വോട്ടര്‍മാരുള്ള ഗ്രാമപഞ്ചായത്ത് എരുമേലിയാണ്. 35006 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വോട്ടര്‍മാരുടെ എണ്ണം ഏറ്റവും കുറവ്  തലനാട് ഗ്രാമപഞ്ചായത്തിലാണ് -5618 പേര്‍. മുനിസിപ്പാലിറ്റികളില്‍ ഏറ്റവുമധികം വോട്ടര്‍മാരുള്ളത് കോട്ടയത്തും(103025) ഏറ്റവും കുറവ് പാലായിലു(19771)മാണ്. 


ആകെ 2332 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്(ഗ്രാമപഞ്ചായത്തുകള്‍-2079, മുനിസിപ്പാലിറ്റി-253)
 പോളിംഗ് ജോലികള്‍ക്കായി 11660 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ റിസര്‍വ് പട്ടികയില്‍ 2331 ഉദ്യോഗസ്ഥരുണ്ട്. കോവിഡ് രോഗികള്‍ക്കും ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്കുമുള്ള സ്പെഷ്യല്‍ തപാല്‍ വോട്ടിനായി മൂന്ന് ഉദ്യോഗസ്ഥര്‍ വീതം അടങ്ങുന്ന 171 സംഘങ്ങള്‍ സേവനമനുഷ്ഠിക്കുന്നു. 


മുനിസിപ്പാലിറ്റികളില്‍ വോട്ടിംഗ് യന്ത്രത്തിന്‍റെ 253 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 2351 കണ്‍ട്രോള്‍ യൂണിറ്റുകളും 7053 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും.
മുനിസിപ്പാലിറ്റികളില്‍ 53 റിസര്‍വ് വോട്ടിംഗ് യന്ത്രങ്ങള്‍ കരുതിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ റിസര്‍വായി 46 കണ്‍ട്രോള്‍ യൂണിറ്റുകളും 128 ബാലറ്റ് യൂണിറ്റുകളുമുണ്ട്. 


കോവിഡ് പ്രതിരോധത്തിനായി ഓരോ പോളിംഗ് ബൂത്തിലും ഏഴു ലിറ്റര്‍ സാനിറ്റൈസര്‍, 18 മാസ്കുകള്‍, 12 കയ്യുറകള്‍, ആറ് ഷീല്‍ഡുകള്‍, അഞ്ച് പി.പി.ഇ കിറ്റുകള്‍  എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. 


സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍


സ്പെഷ്യല്‍ തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള വിവരശേഖരണത്തിനായി 14698 പേരുടെ പട്ടികയാണ് ജില്ലാ കോവിഡ് സെല്ലില്‍നിന്നും ഇതുവരെ തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് കൈമാറിയിട്ടുള്ളത്. ഇതില്‍ 5416 പേര്‍ രോഗികളും 9282  പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നവരുമാണ്. സ്പെഷ്യല്‍ തപാല്‍ വോട്ട് സെല്ലില്‍ പ്രാഥമിക പരിശോധനയ്ക്കുശേഷം 13792  പേരുടെ പട്ടിക വരണാധികാരികള്‍ക്ക് നല്‍കി. 


പോളിംഗ് ഉദ്യോഗസ്ഥര്‍ താമസസ്ഥലത്ത് എത്തിയും തപാല്‍ വോട്ടു മുഖേനയും ഇവര്‍ക്ക് വോട്ടു ചെയ്യുന്നതിന് സൗകര്യം ഒരുക്കിവരുന്നു. ഡിസംബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ രോഗം സ്ഥിരീകരിക്കുകയോ ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്ക് സ്പെഷ്യല്‍ തപാല്‍ വോട്ടായിരിക്കും അനുവദിക്കുക.


രോഗം ബാധിച്ചവരും ക്വാറന്‍റയിനില്‍ കഴിയുന്നവരും ഉള്‍പ്പെടെ മറ്റു ജില്ലക്കാരായ 155 പേരുടെ പട്ടിക അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മറ്റു ജില്ലകളിലുള്ള കോട്ടയം ജില്ലക്കാരായ  39  പേരുടെ വിവരം ഇതുവരെ ഇവിടെ ലഭിക്കുകയും ചെയ്തു. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്പെഷ്യല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ ബന്ധപ്പെടണം. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 16ന് രാവിലെ എട്ടുവരെ ലഭിക്കുന്ന തപാല്‍ വോട്ടുകളാണ് പരിഗണിക്കുക. 


സ്പെഷ്യല്‍ തപാല്‍ വോട്ട് പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് പ്രത്യേക ക്രമീകരണം


ഡിസംബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെടുകയോ ചെയ്തവര്‍ക്ക് വൈകുന്നേരം പോളിംഗ് ബൂത്തിലെത്തി നേരിട്ട് വോട്ടു ചെയ്യാം. ഇവര്‍ ആറു മണിക്ക് മുന്‍പ് ബൂത്തിലെത്തണം. ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്തു കഴിഞ്ഞശേഷമേ ഇവരെ വോട്ടു ചെയ്യാന്‍ അനുവദിക്കൂ.
 
ഇങ്ങനെ എത്തുന്നവര്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ ഫോറം 19 സിയില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. സ്പെഷ്യല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ കയറുന്നതിനു മുന്‍പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്‍റുമാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണം. തിരിച്ചറിയലിനും മഷി പുരട്ടുന്നതിനും സാധാരണ വോട്ടര്‍മാര്‍ക്കുള്ള എല്ലാ നടപടിക്രമങ്ങളും സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്കും ബാധകമാണ്. എന്നാല്‍ കയ്യുറ ധരിച്ചു മാത്രമേ വോട്ടിംഗ് യന്ത്രത്തില്‍ സ്പര്‍ശിക്കാവൂ. വോട്ടിംഗ് രജിസ്റ്ററില്‍ ഒപ്പിടുന്നതിന് പ്രത്യേകം പേന ഉപയോഗിക്കണം. 


സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ ആരോഗ്യവകുപ്പ് പോളിംഗ് കേന്ദ്രത്തില്‍ എത്തിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന രോഗികള്‍ പിപിഇ കിറ്റ് ധരിച്ച് സ്വന്തം ചിലവില്‍ എത്തണം. പോളിംഗ് സ്റ്റേഷനിലേക്ക് വരുന്നതിനിടയില്‍ പുറത്തിറങ്ങാന്‍ പാടില്ല. ഇവരെ കൊണ്ടുവരുന്ന ഡ്രൈവര്‍മാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം. 


വോട്ടെണ്ണല്‍


വോട്ടെണ്ണല്‍ ഡിസംബര്‍ 16ന്  രാവിലെ എട്ടു മുതല്‍ 17 കേന്ദ്രങ്ങളിലായി നടക്കും. പോളിംഗ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രങ്ങള്‍തന്നെയാണ് വോട്ടിംഗ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K