20 May, 2016 03:05:46 PM


സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ മരിച്ചു; തൃശൂരിൽ നാളെ ഹർത്താൽ

തൃശൂർ: കയ്പമംഗലത്തുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു. കയ്പമംഗലം എടവലങ്ങാട് സ്വദേശി പ്രമോദ് (33) ആണ് മരിച്ചത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെ തുടർന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

കയ്പമംഗലത്ത് എൽഡിഎഫ് സ്ഥാനാർഥിയായ ഇ.ടി.ടൈസനാണ് ജയിച്ചത്. ഇതിന്റെ ആഹ്ളാദ പ്രകടനത്തിനിടെ ടിപ്പർ ലോറിയിൽ എത്തിയ ചിലർ പ്രമോദ് ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇഷ്ടിക കൊണ്ട് തലയ്ക്ക് ഗുരുതരമായി അടിയേറ്റ പ്രമോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അതിനിടെ, കോഴിക്കോട് കുറ്റ്യാടി നെട്ടൂരിൽ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർക്ക് പരുക്ക്. വീട്ടിൽ കയറിയാണ് ആക്രമണം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ അക്രമസംഭവങ്ങള്‍ നടന്നിരുന്നു. കണ്ണൂർ പിണറായിക്ക് സമീപം ആഹ്ലാദ പ്രകടനത്തിനു നേരെയുണ്ടായ ബോംബേറിനിടെ ചിതറിയോടിയ സിപിഎം പ്രവർത്തകരിൽ ഒരാൾ ലോറി ദേഹത്തുകയറി മരിച്ചിരുന്നു. ആറു സിപിഎം പ്രവർത്തകർക്കു പരുക്കേറ്റു. കോട്ടയം, കാസർകോട്, ജില്ലകളിലും അക്രമസംഭവങ്ങളുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K