04 December, 2020 04:56:50 PM


പോളിംഗ് ബൂത്തില്‍ ഇത്തവണ അഞ്ച് ഉദ്യോഗസ്ഥര്‍; കര്‍ശന നിയന്ത്രണങ്ങള്‍



പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളില്‍ ഇത്തവണ ജോലിക്ക് നിയോഗിക്കുന്നത് അഞ്ച് ഉദ്യോഗസ്ഥരെ.  പ്രിസൈഡിങ്ങ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയോഗിക്കുന്നത്. ഒരു പോളിംഗ് ബൂത്തിന്റെ മൊത്തം ചുമതലയുള്ള ഇന്‍ചാര്‍ജ് ഓഫീസറാണ് പ്രിസൈഡിങ് ഓഫീസര്‍.  ബൂത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം, ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നിവ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയാണ്.


ഫസ്റ്റ് പോളിങ് ഓഫീസര്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും.സെക്കന്‍ഡ് പോളിങ് ഓഫീസര്‍ വോട്ടര്‍മാരുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ മാര്‍ക്ക് ചെയ്യുകയും വോട്ടേഴ്‌സ് സ്ലിപ്പ് നല്‍കുകയും ചെയ്യും. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്നതും സെക്കന്‍ഡ് പോളിങ് ഓഫീസര്‍ ആണ്.തേര്‍ഡ് പോളിങ് ഓഫീസര്‍ വോട്ടറുടെ വിരലിലെ മഷി വെരിഫൈ ചെയ്തശേഷം വോട്ടറില്‍ നിന്നും സ്ലിപ്പ് വാങ്ങി വോട്ട് ചെയ്യുന്നതിന് വോട്ടര്‍ക്ക് ഇ.വി.എം ആക്ടിവേറ്റ് ചെയ്തു നല്‍കും.


കോവിഡിന്‍റെ  പശ്ചാത്തലത്തില്‍ വോട്ട് ചെയ്യുന്നതിന് മുന്‍പും വോട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം. പോളിംഗ് ബൂത്തിനകത്തേക്ക് കയറുന്ന വോട്ടറുടെ കൈകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സാനിറ്റൈസ് ചെയ്യും. വോട്ട് ചെയ്ത ശേഷം അകത്തുനിന്നും സാനിറ്റൈസ്  ചെയ്യേണ്ടതും വോട്ടര്‍മാര്‍ സാനിറ്റൈസ്  ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും പോളിംഗ് ബൂത്തിലെ അസിസ്റ്റന്‍റ് ഓഫീസറാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K