29 November, 2020 03:46:48 PM


'ഇംഗ്ലീഷ് സംസാരിക്കുന്ന കര്‍ഷകന്‍?'; സമരത്തെ പിന്തുണച്ച നടനെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍



ദില്ലി: ചലോ മാർച്ചില്‍ പങ്കെടുക്കുന്ന കർഷകർക്ക്​ പിന്തുണയുമായെത്തിയ പഞ്ചാബി ചലച്ചിത്ര താരം ദീപ്​ സിദ്ധുവിനെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍. മാർച്ചിൽ പങ്കെടുത്ത്​ സമരത്തിന്‍റെ പ്രാധാന്യം പൊലീസിനെ ധരിപ്പിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുന്ന സിദ്ധുവിന്‍റെ വിഡിയോ​ ട്വിറ്ററിൽ ട്രന്‍റിങ്ങായിരുന്നു​. വീഡിയോയില്‍ ഇംഗ്ലീഷ്​ സംസാരിക്കുന്ന സിദ്ധുവി​നെതിരെയാണ് പരിഹാസവുമായി സംഘപരിവാർ അനുകൂലികൾ രംഗത്തെത്തിയിരിക്കുന്നത്​.


'ഭൂമിയില്ലാത്ത കർഷകൻ എല്ലാവരെയും ഉണർത്തുന്നതിനായി കരയുന്നു' എന്നായിരുന്നു സംവിധായകന്‍ വിവേക്​ അഗ്​നിഹോത്രി വീഡിയോക്ക് മറുപടിയായി ട്വീറ്റ് ചെയ്തത്​. ഇംഗ്ലീഷ്​ സംസാരിക്കുന്ന കർഷകർ എന്ന നിലയിലായിരുന്നു മറ്റൊരു പരിഹാസം​. ​ബുദ്ധിമാനാണെന്ന്​ നടിച്ച്​ അദ്ദേഹം പറയുന്ന കാര്യങ്ങൾ മണ്ടത്തരമാണെന്നും യഥാർഥത്തിൽ അദ്ദേഹം ഇടതുപക്ഷത്തി​ന്‍റെ പ്രതിനിധിയാണെന്നും വിവേക്​ ട്വീറ്റ്​ ചെയ്​തു.


വിവേക്​ അഗ്​നിഹോത്രിക്ക്​ പിന്നാലെ ബോളിവുഡ്​ നടി കങ്കണ റണാവത്തും ദീപ്​ സിദ്ധുവിനെ​ വിമർശിച്ച്​ രംഗത്തെത്തി. രാജ്യ വിരുദ്ധ ശക്തികളെ സർക്കാർ വളരാൻ അനുവദിക്കില്ലെന്നും മറ്റൊരു ഷഹീൻബാഗ്​ ഉണ്ടാകരുതെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. സിദ്ധുവിനെതിരെ പരിഹാസവുമായി പ്രമുഖർ അണിനിരക്കുമ്പോഴും അദ്ദേഹത്തിന് പിന്തുണ അറിയിച്ച്​ നിരവധി പേർ ​രംഗത്തെത്തി. രാജ്യത്ത്​ ഒരുപാട്​ കർഷകർ ഇംഗ്ലീഷ്​ സംസാരിക്കുന്നുണ്ടെന്നും ഒരു കർഷകൻ ഇംഗ്ലീഷ്​ സംസാരിക്കുന്നതെങ്ങനെയാണെന്ന ചിന്ത മാറ്റണമെന്നും നിരവധി പേർ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K