01 November, 2020 03:10:46 PM


'കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യൂ'; ബിജെപി വേദിയില്‍ ജ്യോതിരാദിത്യ സിന്ധ്യ



ദാബ്ര: ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ട് ചോദിക്കുന്നതിനിടെ നാക്കുപിഴച്ച് ജ്യോതിരാദിത്യ സിന്ധ്യ. നവംബര്‍ 3ന് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു പ്രചരണം. ബിജെപി വേദിയില്‍ വെച്ച് കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് ചെയ്യാനുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി.


ദാബ്രയിലെ പ്രചാരണ റാലിക്കിടെയാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് നാക്കുപിഴ സംഭവിച്ചത്. ഇമ്രതി ദേവിക്കായി വോട്ട് തേടാനാണ് സിന്ധ്യ വന്നത്. ജനങ്ങളെ ആവേശത്തില്‍‌ അഭിസംബോധന ചെയ്യുകയായിരുന്നു സിന്ധ്യ. 'നവംബര്‍ 3ന് കൈപ്പത്തി ചിഹ്നം അമര്‍ത്തി കോണ്‍ഗ്രസിന്..' എന്ന് പറഞ്ഞപ്പോഴേക്കും പറ്റിപ്പോയ അബദ്ധം സിന്ധ്യ തിരിച്ചറിഞ്ഞു. ഉടൻ തന്നെ സിന്ധ്യ സ്വയം തിരുത്തി. താമര ചിഹ്നത്തില്‍ വോട്ട് ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുതരൂ എന്ന് പറഞ്ഞു.


സിന്ധ്യയുടെ നാക്കുപിഴ കോണ്‍ഗ്രസ് ആയുധമാക്കി- 'സിന്ധ്യാജീ, മധ്യപ്രദേശിലെ ജനങ്ങള്‍ നവംബര്‍ 3ന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു' എന്ന് ട്വീറ്റ് ചെയ്തു. ഈ വര്‍ഷം മാർച്ചിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. 22 എംഎൽഎമാരും സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ടു. ഇതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ രാജിവെച്ച ഒഴിവിലടക്കമാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K