18 October, 2020 08:11:15 PM


യുഡിഎഫ് ചെയര്‍മാന്‍ പദവി; പരിപാടികള്‍ ബഹിഷ്‌കരിച്ച്‌ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ്




കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്‍മാനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍ പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിച്ചു. സജി മഞ്ഞക്കടമ്പന്‍റെ നിര്‍ദേശാനുസരണം ഇന്നു പാലായില്‍ കേരളാ കോണ്‍ഗ്രസ് എം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ സിഎഫ് തോമസ് അനുസ്മരത്തില്‍ നിന്നും സജിയും പ്രവര്‍ത്തകരും വിട്ടു നിന്നു. ജില്ലാ യുഡിഎഫ് പുനസംഘടനയില്‍ തന്നെ ഒഴിവാക്കിയതറിഞ്ഞതോടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സജി മഞ്ഞക്കടമ്പന്‍ പിജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അറിയിക്കുകയായിരുന്നു. 


നേതാക്കള്‍ പിന്നീട് സജിയെ ഫോണില്‍ പലവട്ടം ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പരിപാടിയില്‍ മുഖ്യപ്രഭാഷണവും പാര്‍ട്ടിയിലേക്ക് വന്ന പുതിയ അംഗങ്ങളെ സ്വീകരിക്കുന്നതും ജില്ലാ പ്രസിഡന്‍റ് ആയിരുന്നു. പിന്നീട് അനുസ്മരണ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് പുളിങ്കാട്, ജോസ് പാറേക്കാട്ടില്‍, ജോസഫ് കണ്ടത്തില്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന പരിപാടിയുമായി മുമ്പോട്ടു പോകാനാണ് സജിയുടെയും സഹപ്രവര്‍ത്തകരുടെയും തീരുമാനമെന്നാണ് അറിയുന്നത്.


പൂഞ്ഞാര്‍ സീറ്റിന്‍റെ പേരില്‍ നാലുവര്‍ഷം മുമ്പ് കെഎം മാണിയോട് പിണങ്ങി ദിവസങ്ങള്‍ ഫോണ്‍ ഓഫ് ചെയ്ത് സജി പരിപാടികളില്‍ നിന്നും വിട്ടു നിന്നിരുന്നു. അന്നു യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്‍റായിരുന്ന മഞ്ഞക്കടമ്പനെ സംസ്ഥാന പ്രസിഡന്‍റാക്കിയാണ് അനുനയിപ്പിച്ചത്. പക്ഷേ ഇക്കുറി ബഹിഷ്‌കരണവും നിസഹകരണവും തുടര്‍ന്നാല്‍ ജില്ലാ പ്രസിഡന്‍റ് സ്ഥാനംതന്നെ സജിക്ക് നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്. അതിനിടെ പത്തനംതിട്ടയില്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതില്‍ വിക്ടര്‍ തോമസും പ്രതിഷേധത്തിലാണ്. ജോസഫിലേക്ക് വന്ന മാണി ഗ്രൂപ്പുകാര്‍ അവഗണന നേരിടുന്നുവെന്ന പരാതിയും ഇവര്‍ക്കുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K