15 October, 2020 09:53:33 AM


ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ജോസ് കെ. മാണിക്ക് അഗ്നിപരീക്ഷകളേറെ



കോട്ടയം: രാഷ്ട്രീയ കോളിളക്കത്തോടെയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുമായി സഹരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതെങ്കിലും ജോസ് വിഭാഗത്തെ കാത്തിരിക്കുന്ന അഗ്നിപരീക്ഷകളേറെ. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാലേ നിയമസഭാ സീറ്റുകളില്‍ പ്രതീക്ഷിച്ചപോലെ അവകാശവാദം ഉന്നയിക്കാനാവൂ. ഇടതുമുന്നണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ ജോസ് വിഭാഗത്തിന് ആകില്ല.  


കോട്ടയം ജില്ലിയിലെ പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി,ചങ്ങാനാശേരി തുടങ്ങിയ മണ്ഡലങ്ങളിലെ ഭൂരിഭാഗം പഞ്ചായത്തുകളില്‍ മേല്‍കൈനാടാനാകുമെന്നാണ് ജോസ് വിഭാഗം പ്രതീക്ഷിക്കുന്നത്. പാലായും കാഞ്ഞിരപ്പള്ളിയും അടക്കം കഴിഞ്ഞ തവണ മല്‍സരിച്ച 15 സീറ്റുകള്‍ എന്ന ആവശ്യമാണ് മുന്നോട്ട് വച്ചിട്ടുള്ളതെങ്കിലും സി.പി.എം സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സാധ്യതയില്ല. അതേസമയം, ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തുന്നതോടെ കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മേല്‍കൈ നേടാനാകുമെന്ന് സി.പി.എം കോട്ടയം ജില്ലാ നേതൃത്വം ഉറപ്പിക്കുന്നു.


ഇടതുമുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ ജോസ് കെ. മാണി വിഭാഗത്തിന്‍റെ മറ്റൊരു പ്രധാന വെല്ലുവിളി പാര്‍ട്ടിയിലെ അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയലാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം. കഴിഞ്ഞതവണ ഒന്നായി മല്‍സരിച്ചപ്പോള്‍ 292 സീറ്റുകളിലാണ് വിജയിച്ചത്. ഇതില്‍ 244 പേര്‍ ഒപ്പമുണ്ടെന്നാണ് ജോസ് വിഭാഗത്തിന്‍റെ വാദം. ജോസ് കെ. മാണിക്ക് അണികളെ കൂടെ ഉറപ്പിച്ചുനിര്‍ത്താന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് സീറ്റ് ഉറപ്പിക്കേണ്ടി വരും എന്നതും സവിശേഷ സാഹചര്യമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K