14 October, 2020 11:48:18 AM


ഇടതുമുന്നണിയില്‍; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചതായി ജോസ് കെ മാണി



കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ ഏറെ പുകഴ്ത്തികൊണ്ടാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം ജോസ് കെ മാണി കോട്ടയത്ത് നടത്തിയത്. ഒപ്പം തന്‍റെ രാജ്യസഭാ എംപി സ്ഥാനവും രാജിവെക്കുന്നതായി ജോസ് കെ മാണി അറിയിച്ചു. ധാര്‍മ്മികത ഉയര്‍ത്തിപിടിക്കാനാണ് രാജിയെന്ന് കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ജോസ് കെ മാണി വെളിപ്പെടുത്തി.


ഇടതുമുന്നണിയുമായി തങ്ങള്‍ ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ല എന്നും തുടര്‍ന്നുള്ള നിലപാട് അവര്‍ തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു. കേരളരാഷ്ട്രീയത്തിന്‍റെ ഗതി തന്നെ മാറ്റിമറിക്കുന്ന നിലപാടാണ് തങ്ങള്‍ ഇപ്പോള്‍ കൈകൊണ്ടതെന്ന് ജോസ് കെ മാണി. കോണ്‍ഗ്രസിന്‍റെ ചില കേന്ദ്രങ്ങളില്‍നിന്നും തങ്ങലെ പിന്നില്‍നിന്നും കുത്തി. കേരളാ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ട് ഇപ്പോഴും അതുതന്നെയാണ് നടക്കുന്നത്. 


പാലാ സീറ്റ് ആര്‍ക്കെന്നത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം. എന്തുതന്നെയായാലും പാലാ വിട്ടുകൊടുക്കില്ലെന്ന കടുംപിടുത്തം എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തുടരുകയാണ്. പാല ഇല്ലെങ്കില്‍ മറ്റ് വഴി നോക്കേണ്ടിവരുമെന്ന് അദ്ദേഹം എന്‍സിപി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


എന്നാല്‍ പാലാ സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍റെ പരസ്യ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. പാലാ സീറ്റ് വിട്ടുനല്‍കുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണിയില്‍ ആലോചിക്കാത്ത കാര്യത്തിലാണ് മാണി സി കാപ്പന്‍ പ്രതികരിച്ചതെന്നും സിപിഎം വിലയിരുത്തുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K