12 October, 2020 06:35:23 PM


ഹർഷ എന്ന ക്ഷീരവികസന ഓഫീസര്‍; ഇവരെ മാതൃകയാക്കണം നമ്മുടെ സർക്കാർ ജോലിക്കാര്‍



കല്‍പ്പറ്റ: "സർക്കാർ ജോലി ജനങ്ങളെ സേവിക്കാൻ ഉള്ള ഒരു നല്ല അവസരം തന്നെയാണ്... ഓഫീസിന് മുന്നിലെത്തുന്ന പൊതുജനത്തിന്റെ നികുതിപ്പണംകൊണ്ട് വാങ്ങിയ കസേരയിൽ ആണ് നമ്മൾ ഇരിക്കുന്നത് എന്ന് ചിന്തിച്ചാൽ തന്നെ അവർക്ക് വേണ്ടി സേവനം ചെയ്യാനുള്ള മനസ്സ് ഉണ്ടാകും..." ഒരു സർക്കാർ ജീവനക്കാരിയുടെ വാക്കുകളാണിത്.


ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥതക്കുമപ്പുറം സഹജീവി സ്നേഹത്തിന്‍റെ ഉത്തമോദാഹരണമായ ഈ പെൺകുട്ടിയെ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ മാതൃകയാക്കേണ്ടതാണ്. കൽപ്പറ്റയിലെ ക്ഷീര വികസന ഓഫീസറായിരുന്നു ഹർഷ. പ്രളയം രണ്ട് വട്ടം ചതിച്ച വയനാട്ടിലെ പാവപ്പെട്ട കഷകർക്ക് താങ്ങും തണലുമായെത്തിയ ഇവരെപോലുള്ള സർക്കാർ ജോലിക്കാരാണ്  നാടിന് ആവശ്യം.


കൽപ്പറ്റയ്ക്കടുത്ത് പൊഴുതന പഞ്ചായത്തിലെ കുറിച്യർമല എന്ന പ്രദേശത്തെ മേൽമുറി പാടത്തുംപീടിയേക്കൽ മൊയ്തുവും ഭാര്യ നബീസയും അവിടെ പശുക്കളെ വളർത്തുവാൻ തുടങ്ങിയിട്ട് വർഷം 50 പിന്നിട്ടിരുന്നു. ഏഴ് പശുക്കൾ. ദിവസം 50 ലിറ്ററോളം പാൽ തരിയോട് ക്ഷീര സംഘത്തിൽ അളക്കുമായിരുന്നു. എഴുപത്തിയഞ്ചുകാരനായ മൊയ്തു
അവശനായതോടെ നബീസയും, മകൻ അഷറഫും സഹായിച്ചാണ് പശുക്കളെ വളർത്തിപ്പോന്നിരുന്നത്.


2018 ആഗസ്തിലെ ആ വ്യാഴാഴ്ച ഒറ്റയടിക്ക് എല്ലാം മാറിമറിയുകയായിരുന്നു. പകൽ സമയം വലിയ ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തിറങ്ങി നോക്കുമ്പോൾ കല്ലും മണ്ണും മുകളിൽ നിന്ന് കുത്തിയൊലിച്ചു വരുകയാണ്‌. ഒന്നും ആലോചിക്കാനുള്ള സമയമില്ലായിരുന്നു. അവർ ജീവനും കൊണ്ട് ഓടി. മിനിറ്റുകൾക്കകം വീടും തൊഴുത്തും ഏഴ് പശുക്കളും അപ്രത്യക്ഷമായി. പശുക്കൾ എല്ലാം ഒഴുകിപ്പോയി. അവയുടെ ജഡം പിന്നീട് കിലോമീറ്ററുകൾക്കപ്പുറത്ത് നിന്നാണ് കിട്ടിയത്. ഉരുൾപൊട്ടിയത് പകൽസമയത്ത് ആയതിനാൽ സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത് മാത്രമായിരുന്നു അവരുടെ ആശ്വാസം.


ആ ദുരിതക്കാഴ്ചകളിലേക്കായിരുന്നു ഹർഷ എന്ന ക്ഷീര വികസന ഓഫീസർ കടന്ന് വരുന്നത്. ഇനിയുള്ള ആയുസ്സ് എങ്ങിനെ
തുഴഞ്ഞെടുപ്പിക്കുമെന്നറിയാതെ നിസ്സഹായനായി നില്ക്കുന്ന മൊയ്തുവിനെയും കുട്ടംബത്തെയും കണ്ടപ്പോൾ ഹർഷയുടെ മനസ്സ് വല്ലാതെ വേദനിച്ചു. തന്നെക്കൊണ്ടാവുന്ന ചെറിയ സഹായം എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ചാണ് അന്ന് ഓഫീസിലേക്ക് മടങ്ങിയത്. തന്‍റെ ഒരു മാസത്തെ ശമ്പളം കൊണ്ട് ഒരു കറവ പശുവിനെ വാങ്ങി നൽകാം എന്ന് ഹർഷ മനസ്സിലുറപ്പിച്ചു.

 
എന്നാൽ മൊയ്തുവിനെ മാത്രമായിരുന്നില്ല ആ ദുരന്തം ബാധിക്കപ്പെട്ടത്. ഒരുപാട് കർഷകർ. ആ വലിയ ദുരന്തത്തിന്‍റെ ശരിക്കുമുള്ള ചിത്രം പലയിടത്തും ഹർഷ നേരിട്ട് കാണുകയായിരുന്നു. പനമരത്തെ മേരിയുടെ അഞ്ചു പശുക്കൾ നഷ്ടമായി. മറ്റൊരു വീട്ടിൽ പ്രളയക്കെടുതിക്കിടയിൽ കുഞ്ഞിനെ അബദ്ധത്തിൽ ചാണകകുഴിയിലേക്ക് പ്രസവിച്ചിട്ട് അമ്മപ്പശുവിനൊപ്പം തേങ്ങുന്ന കർഷകർ. ക്ഷീരമേഖലയിൽ സംഭവിച്ച കനത്ത നഷ്ടത്തിൽ പകച്ചു നിൽക്കുകയായിരുന്നു നിരവധി കർഷകർ..! 


വിറങ്ങലിച്ച് പോയ ആ ജീവിതങ്ങൾക്ക് പിന്നീട് ഒരു ആശ്വാസമാകുകയായിരുന്നു ഹർഷ എന്ന ക്ഷീര വികസന ഓഫീസർ. ആ പെൺകുട്ടിയുടെ ശ്രമഫലമായി തുടങ്ങിയ ഒരു ക്യാമ്പയിനിലൂടെ ഏകദേശം 400 ലധികം പശുക്കളെ ആ കർഷകർക്ക് വാങ്ങി നൽകാൻ കഴിഞ്ഞു. ഒരു നല്ല കറവപ്പശുവിനു 60,000 രൂപയെങ്കിലും വിലവരും. ഹർഷ ഓഫീസിലെ സഹപ്രവർത്തകരോട് കാര്യം പറഞ്ഞു. അവരെല്ലാം സഹകരിക്കാമെന്നേറ്റു. രണ്ട് സ്ഥിരം ജീവനക്കാരും മൂന്ന് താൽക്കാലിക ജീവനക്കാരും മാത്രമാണ് അവിടെയുണ്ടായിരുന്നത്. എന്നാലും അവരെക്കൊണ്ടാവും വിധം എല്ലാവരും ചേർന്ന് ഒരു പശുവിനെ വാങ്ങി.


2018 സെപ്തംബർ ആറ് - പ്രസവിച്ച് 9 ദിവസം ആയ, 16 ലിറ്ററോളം പാൽ ദിവസവും കിട്ടുന്ന, ഒരു പശുവിനെ അവർ മൊയ്തുവിനു വാങ്ങി നൽകി. അതൊരു തുടക്കമായിരുന്നു. തുടർന്നാണ് 'ഡൊണേറ്റ് എ കൗ' (Donate a cow) എന്ന പേരിൽ ഒരു ക്യാമ്പയിൻ തുടങ്ങുന്നത്. തരിയോട് ക്ഷീര സംഘം പ്രതിനിധികൾ,കാലിത്തീറ്റ, വൈക്കോൽ, പച്ചപ്പുല്ല് എന്നിവയും നൽകി.
മൊയ്തുവിന് പശുവിനെ വാങ്ങി നൽകിയതിന്‍റെ സന്തോഷം ഹർഷ ഫേസ്ബുക്ക് വഴി പങ്കു വച്ചു. അതോടെ നിരവധി ആളുകൾ പിന്തുണയുമായി എത്തി. തുടർന്ന് ഇതുവരെ 100 വലിയ കറവ പശുക്കളും, 300 കിടാരികളും അടക്കം 400 പശുക്കളെ വയനാട്ടിലെ പ്രളയദുരിതം അനുഭവിച്ച കർഷകഭവനങ്ങളിൽ എത്തിക്കാൻ ഹർഷക്ക് കഴിഞ്ഞു.


സ്കൂൾ വിദ്യാർത്ഥികൾ, കോളേജ് പൂർവ വിദ്യാർത്ഥികൾ, വ്യക്തികൾ, സന്നദ്ധസംഘടനകൾ എന്നിവരെല്ലാം പശുക്കളെ സംഭാവന നൽകുവാൻ മുന്നോട്ടു വന്നു. അങ്ങനെ 'ഡൊണേറ്റ് എ കൗ' എന്ന ഹർഷ തുടങ്ങി വെച്ച ആ ക്യാമ്പയിന് എല്ലാ ഭാഗത്തുനിന്നും പിന്തുണ ലഭിച്ചു. മികച്ച ഇനം പശുക്കളെ തിരഞ്ഞെടുത്തു നൽകുകയും,അർഹരായ കർഷകരെ കണ്ടെത്തി ഉദാരമനസ്സുകളെ അറിയിക്കുകയുമാണ് ആദ്യമായി ചെയ്യുന്നത്. പശുക്കളെ നേരിട്ട് വാങ്ങിയോ, പശു ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തോ പശുക്കളെ നൽകുന്നതിൽ പങ്കാളിയാകാം, അതായിരുന്നു ഹർഷയുടെ പ്രോജക്ട്.


സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ ആ പ്രചാരണത്തിന് മറ്റ് മാധ്യമങ്ങളും വലിയ പിന്തുണ നൽകി. 2018-ലെ പ്രളയത്തിന്‍റെ ദുരിതത്തിൽ നിന്ന് കരകയറുംമുമ്പേ  അടുത്ത വർഷം വീണ്ടും വയനാട്ടിൽ കൊടുംമഴയും ഉരുൾപൊട്ടലും ദുരന്തമായി മാറി. സാധാരണ കർഷകർക്ക് താങ്ങായി അപ്പോഴും ഡൊണേറ്റ് എ കൗ എന്ന ക്യാമ്പയിനുമായി ഹർഷ മുന്നിലുണ്ടായിരുന്നു. പ്രളയാനന്തര വയനാട് കണ്ട ഏറ്റവും മികച്ച പുനരധിവാസ പ്രവർത്തനമായി ഡൊണേറ്റ് എ കൗ പദ്ധതി മാറുന്നതാണ് പിന്നീട് കണ്ടത്. അതിന് ശേഷം വയനാട്ടിലെ പാലുൽപാദന രംഗത്തുണ്ടായ വർദ്ധനവിന് ഒരു പ്രധാന കാരണം ഹർഷയുടെ ഈ പദ്ധതി ആണെന്ന് നിശ്ശംശയം പറയാം.


കാർഷികവൃത്തി ഇന്നും കൈവിടാതെ കൊണ്ടുനടക്കുന്ന അച്ഛനിൽ നിന്നാണ് ഒരു ശരാശരി കർഷകന്‍റെ ബുദ്ധിമുട്ട് ഹർഷ ചെറുപ്പം മുതൽ മനസ്സിലാക്കിയത്. കഴിഞ്ഞ വർഷം കൽപ്പറ്റ കോ- ഓഫ് സൊസൈറ്റിയുടെ പി എം കലാസ്മാരക പുരസ്കാരം നേടാനായത് ഹർഷയുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു. ചെയ്യുന്ന തൊഴിലിനോടുള്ള അർപ്പണബോധവും സഹജീവികളോട് കരുണയും ഉള്ളവർക്ക് മാത്രമേ ജനനന്മക്കായി ഇത്തരം പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങാൻ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം. ആ യാഥാർത്ഥ്യമാണ് ഇവിടെ ഹർഷ എന്ന പെൺകുട്ടി തന്‍റെ സർക്കാർ ഉദ്യോഗത്തിലൂടെ എങ്ങനെ ആത്മാർത്ഥമായി ജനസേവനം ചെയ്യാമെന്ന് കാണിച്ചു തരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K