10 October, 2020 03:35:34 PM


ഭാഗ്യലക്ഷ്മിയും സംഘവും ഒളിവില്‍; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്



തിരുവനന്തപുരം: യു ട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ച്‌ വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കേസില്‍ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്. വിജയ് പി. നായരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ മൂന്ന് പേരും ഒളിവില്‍ പോയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നു.


ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് തമ്പാനൂര്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയത്. വിജയ് പി. നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതികള്‍ ഒളിവിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇവരുടെ മൊഴിയെടുക്കാന്‍ സാധിച്ചില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. വീടുകളില്‍ പ്രതികള്‍ ഇല്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.


പ്രതികളുടെ സുഹ്യത്തുക്കളുടെയടക്കം വീടുകളില്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്നാണ് പോലീസ് ഭാഷ്യം. അതേസമയം പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുവെന്ന സൂചനയും പുറത്തുവന്നു. അശ്ശീല വീഡിയോ പ്രചരിപ്പിച്ചതിന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വിജയ് പി. നായരെ ലോഡ്ജില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചുവെന്നും, ലാപ്ടോപ് അടക്കം മോഷ്ടിച്ചുവെന്നുമായിരുന്നു കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതികളുടെ നടപടിയെ കോടതി  രൂക്ഷമായി വിമര്‍ശിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K