08 October, 2020 08:34:14 AM


കരിപ്പൂരിൽ സോക്‌സിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 1.65 കോടിയുടെ സ്വർണം പിടികൂടി



മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ കടത്ത് പിടികൂടി. ദുബായിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്ന് 3.701 കിലോ സ്വർണം പിടിച്ചെടുത്തു. താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ് , കണ്ണൂർ സ്വദേശി എം വി സൈനുദ്ദീൻ എന്നിവർ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം മിശ്രിത രൂപത്തിൽ ആണ് ഇരുവരും ശ്രമിച്ചത്. 3.350 കിലോ സ്വർണമാണ് ഷാനവാസ് സോക്‌സിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സൈനുദ്ദീൻ കാൽമുട്ടിൽ ധരിച്ച ക്യാപ്പിനുള്ളിൽ ( മുട്ടു വേദനയ്ക്ക് പരിഹാരമായി ധരിക്കുന്നത്) ആണ് സ്വർണ മിശ്രിതം ഒളിപ്പിച്ചത്.


351 ഗ്രാം ആണ് സൈനുദ്ദീൻ കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന്റെ വിപണി മൂല്യം 1.65 കോടി രൂപ വരും.
ബുധനാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 2.3337 കിലോ സ്വർണമാണ് മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ചത്  കണ്ണൂർ സ്വദേശിനി ജസീല 1.6736 കിലോ മിശ്രിത രൂപത്തിലുള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹസീബ് ആണ് പിടിയിൽ ആയ രണ്ടാമത്തെയാൾ. ഇയാൾ 660.1 ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യൂൾ ആകൃതിയിൽ ഉള്ള ചെറിയ പെട്ടികളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K