05 October, 2020 05:04:30 PM


കുറ്റപത്രം സമർപ്പിച്ചില്ല; കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം



കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആയതിനാൽ സ്വപ്നയ്ക്ക് ജയിൽ മോചിതയാകാൻ കഴിയില്ല.


കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ കെ.ടി റെമീസ് ഉള്‍പ്പടെയുള്ള മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷ രണ്ടുതവണ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ നല്‍കിയിരുന്നു. അതുരണ്ടും തള്ളിയിരുന്നു. ഇതിനു പിന്നാലെ നല്‍കിയ ജാമ്യാപേക്ഷയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.


അതേസമയം സ്വപ്നയ്ക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകളാണ് എന്‍ഐഎ ചുമത്തിയിരിക്കുന്നത്. അതിനാല്‍ കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാന്‍ പറ്റില്ല. സ്വപ്‌നയ്ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ പതിനേഴ് പ്രതികളില്‍ പത്തുപേര്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. സ്വപ്നക്ക് വേണ്ടി അഡ്വ. ജിയോ പോളാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ജാമ്യാപേക്ഷ നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K