04 October, 2020 07:28:03 PM


കേരളത്തിലെ ആദ്യത്തെ 400 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന്‍ കുറവിലങ്ങാട്



കോട്ടയം: ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ് കുറവിലങ്ങാട് ആരംഭിക്കുന്ന  400 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍റെ നിര്‍മ്മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  അധ്യക്ഷത വഹിക്കും. രാവിലെ 11ന് കുറവിലങ്ങാട് സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. 


ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ.ദിനേശ് അറോറ, കെ.എസ്.ഇ.ബി സി.എം.ഡി എന്‍.എസ്. പിള്ള, ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ പി. കുമാരന്‍,  സ്വതന്ത്ര ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ദിവാകരന്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍, ട്രാന്‍സ് ഗ്രിഡ് ചീഫ് എന്‍ജിനീയര്‍ വി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യത്തെ 400 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനാണ് കുറവിലങ്ങാട് കേന്ദ്രമായി യാഥാർത്ഥ്യമാകുന്നത്. കുറവിലങ്ങാട് സബ് സ്റ്റേഷന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് കിഫ്‌ബിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 285 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നതെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ നടപ്പാക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. കോട്ടയം, ആലപ്പുഴ ജില്ലകൾക്കും സമീപ പ്രദേശങ്ങൾക്കും പദ്ധതിയുടെ പ്രയോജനം പൂർണ്ണമായും ലഭിക്കുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K