01 October, 2020 11:07:02 PM


സംസ്ഥാനത്ത് നിരോധനാജ്ഞ: കര്‍ശന നിയന്ത്രണം അഞ്ച് പേരില്‍ കൂടുതലുളള ആള്‍ക്കൂട്ടങ്ങള്‍ക്ക്



തിരുവനന്തപുരം:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് അഞ്ചു പേരില്‍ കൂടുതലുളള ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നല്‍കിയ ഇളവുകള്‍ തുടരുമെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ക്ക് തുടര്‍ച്ചയായാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

അഞ്ചു പേരില്‍ കൂടുതലുളള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കി. തീവ്രരോഗവ്യാപനം നിലനില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടക്കം നടപ്പാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ ഈ മാസം മുപ്പത്തിയൊന്ന് വരെയാകും പുതിയ നിയന്ത്രണങ്ങള്‍. വിവാഹ ചടങ്ങുകളില്‍ അമ്പതു പേരും മരണാനന്തര ചടങ്ങുകളില്‍ ഇരുപതു പേരും പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഇളവ് തുടരും.

അതേസമയം ഇന്ന് 8135 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 730 പേരുടെ രോഗഉറവിടം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 1072 കേസുകള്‍ സ്ഥിരീകരിച്ച കോഴിക്കോടാണ് ഇന്ന് ഏറ്റവുമധികം രോഗികളുള്ള ജില്ല. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും രോഗികളുടെ എണ്ണം എണ്ണൂറിനു മുകളിലാണ്. 29 കൊവിഡ് മരണങ്ങളും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K