01 October, 2020 02:50:17 PM


'ജാതിവിവേചനം'; സംഗീത നാടക അക്കാദമിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍


uploads/news/2020/10/429254/rlv.jpg


തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ കേരള സംഗീത നാടക അക്കാദമിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. അക്കാദമി സെക്രട്ടറി തന്നോട് ജാതിവിവേചനം കാണിക്കുന്നുവെന്നാരോപിച്ച് രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തി.


കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. 'രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും'; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. തന്റെ കഴിവല്ല, തന്റെ ജാതിയാണ് അവരെക്കാണ്ട് ഇത്തരത്തില്‍ പറയിക്കുന്നതെന്ന് രാമകൃഷ്ണന്‍ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K