30 September, 2020 03:08:07 PM


ലൈഫ് മിഷൻ അഴിമതി: സ്വപ്ന സുരേഷിനെയും സിബിഐ പ്രതി ചേർക്കും



കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷും സംഘവും പ്രതികളാകും.  കമ്മീഷൻ തുക നൽകിയെന്ന വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണിത്. സ്വപ്നയെ സിബിഐ ജയിലിൽ  ചോദ്യം ചെയ്യാനാണ് സാധ്യത. സ്വപ്ന നിർദ്ദേശിച്ച  സന്ദീപിന്‍റെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി  സന്തോഷ് ഈപ്പനും  സിബിഐക്ക് മൊഴിനൽകിയിട്ടുണ്ട്.


പദ്ധതിയിൽ  കമ്മീഷൻ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. ലോക്കറിൽനിന്ന്   കണ്ടെത്തിയ പണം ഇതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. നാലര കോടിയോളം രൂപയാണ് കമ്മീഷൻ ഇനത്തിൽ യൂണിടാക് നല്കിയിട്ടുള്ളത്. ഇതിൽ കോൺസുലറ്റിലെ ജീവനക്കാരൻ ഖലീദിനു  നൽകിയ തുക വിദേശ കറൻസിയായിട്ടാണ്. മൂന്നു കോടിയിലധികം തുക ഇങ്ങനെ കൈമാറിയിട്ടുണ്ട്.


സന്ദീപിന്‍റെ കമ്പനിയായ ഐസൊമോങ്കിന്‍റെ അക്കൗണ്ടിലേയ്ക്ക് ഒരു കോടി രൂപ അയക്കാനായിരുന്നു സ്വപ്നയുടെ നിർദ്ദേശം. എന്നാൽ ആദ്യ ഗഡുവായി 70 ലക്ഷം രൂപയെ നൽകാൻ കഴിഞ്ഞുള്ളു എന്നാണ് സന്തോഷ്‌ ഈപ്പൻ സിബിഐയോട് പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ തുക കോൺസൽ ജീവനക്കാരനിൽ നിന്നും കിട്ടിയ വിഹിതമാണെന്ന്  ഉറപ്പിക്കുമ്പോഴും  അത് മാറ്റാർക്കെങ്കിലും കൈമാറാനാണോ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല.
അതേസമയം  പദ്ധതിയുമായി ബന്ധപ്പെട്ട്  ലൈഫ് മിഷനിലെ  കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. 


കഴിഞ്ഞ ദിവസം  ചോദ്യം ചെയ്ത് വിട്ടയച്ച ജില്ലാ കോഡിനേറ്റർ  ലിൻസ് ഡേവിഡിൽ നിന്ന് പല നിർണായക വിവരങ്ങളും സിബിഐക്ക് ലഭിച്ചതായാണ് സൂചന. ലിൻസിനെ  9 മണിക്കൂറാണ്  സിബിഐ ഐ ചോദ്യം ചെയ്തത്. ലൈഫ് മിഷൻ സി ഇ ഒ  യു വി ജോസിനെ ചോദ്യം ചെയ്യുന്നതിന് മുൻപായി  പദ്ധതിയുമായി ബന്ധപ്പെട്ട  മുഴുവൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ  തയ്യാറെടുക്കുന്നത്. സന്തോഷ് ഈപ്പനെയും ഈ ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നതിനായി  വീണ്ടും വിളിച്ചുവരുത്തും. രണ്ടാമത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K