27 September, 2020 02:36:43 PM


പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുന്നതിനിടെ കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചു



ദില്ലി: രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുന്നതിനിടെ കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചു. പ്രതിപക്ഷ ആവശ്യം തള്ളിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പ് വെച്ചത്. ബില്ലിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാണെങ്കിലും രാഷ്ട്രപതി ഒപ്പിട്ടതോടെ മൂന്ന് ബില്ലുകളും നിയമമായിരിക്കുകയാണ്.


ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ കൂടുതല്‍ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മന്‍ കി ബാത്തിലൂടെ ആവര്‍ത്തിച്ചിരുന്നു. . തടസങ്ങളില്ലാതെ കര്‍ഷകര്‍ക്ക് എവിടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും ഇടനിലക്കാരില്ലാതെ കൂടുതല്‍ ലാഭം നേടാമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അവകാശപ്പെട്ടു.


കര്‍ഷക സംഘടനകള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ടികളും പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. നാളെ കോണ്‍ഗ്രസ് രാജ്ഭവനുകളിലേക്ക് മാര്‍ച്ച്‌ നടത്തും. നിയമം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഇനി കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K