17 September, 2020 07:50:04 PM


കോവിഡ് ബാധിച്ച കുടുംബത്തെ ചികിത്സക്ക് മാറ്റിയ പിന്നാലെ വീട് കുത്തിത്തുറന്ന് കവര്‍ച്ച




കായംകുളം: കോവിഡ് ബാധിച്ച കുടുംബത്തെ ചികിത്സക്കായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റിയപ്പോള്‍ വീട് കുത്തി തുറന്ന് കവര്‍ച്ച. കൃഷ്ണപുരം കാപ്പില്‍കിഴക്ക് കളരിക്കല്‍ വടക്കതില്‍ രാജുവിന്‍റെ വീട്ടിലാണ് മോഷണം. നാല് പവന്‍ സ്വര്‍ണാഭരണവും 6,300 രൂപയുമാണ് അപഹരിച്ചത്. വീടിന്‍റെ വാതില്‍ തുറന്നുകിടക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിഞ്ഞത്.


മുന്‍വാതലിന്‍റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മുറിയുടെ കതകും തകര്‍ത്തിട്ടുണ്ട്. നിര്‍മാണ തൊഴിലാളിയായ രാജുവിന്‍റെ മകന്‍ ഷിബുരാജ് സൈന്യത്തിലാണ്. ഇദ്ദേഹവും ഭാര്യയും മക്കളും ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ നാലിനാണ് ജോലി സ്ഥലമായ നാഗലാന്‍ഡില്‍ നിന്നും നാട്ടിലെത്തിയത്. ഇവര്‍ക്ക് ക്വാറന്‍റീനില്‍ കഴിയേണ്ടതിനാല്‍ രാജുവും ഭാര്യയും കായംകുളത്തുള്ള മകളുടെ വീട്ടിലേക്ക് മാറിയിരുന്നു.


കഴിഞ്ഞ 13 ന് ഷിബുരാജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ ഹരിപ്പാെട്ട ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റുകയായിരുന്നു. വീട് തുറന്നു കിടക്കുന്ന വിവരം 16ന് വൈകിട്ടാണ് അയല്‍വാസികള്‍ രാജുവിനെ അറിയിച്ചത്. തുടര്‍ന്ന് ഇവരെത്തി പരിശോധന നടത്തിയപ്പോഴാണ് കവര്‍ച്ച അറിയുന്നത്. കായംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K