05 September, 2020 12:46:26 PM


ബംഗളൂരുവിലെ ലഹരിമരുന്ന് പാര്‍ട്ടികളുടെ മുഖ്യ സംഘാടകന്‍ വിരേന്‍ ഖന്ന അറസ്റ്റില്‍



ബംഗളൂരു : ബംഗളൂരുവിലെ ലഹരിമരുന്ന് പാര്‍ട്ടികളുടെ മുഖ്യ സംഘാടകനായ വിരേന്‍ ഖന്നയും അറസ്റ്റിലായി. ഡല്‍ഹിയില്‍ അറസ്റ്റിലായ വിരേന്‍ ഖന്ന അന്യനാട്ടില്‍ താമസിക്കുന്ന ബംഗളൂരു സ്വദേശികള്‍ക്കായി എക്സ്പാറ്റ്സ് ക്ലബ് രൂപീകരിച്ച്‌ അതിന്റെ മറവിലാണു ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. ഈ ക്ലബില്‍ അംഗത്വം എടുക്കുന്നവരെ ഇയാള്‍ നേരിട്ടു സൂക്ഷ്മപരിശോധന നടത്തിയാണ് പ്രവേശനം കൊടുക്കുന്നത്. ഇയാളെ ഇന്നു ബംഗളൂരുവിലേക്കു കൊണ്ടുവരും. സെലിബ്രിറ്റി പാര്‍ട്ടി പ്ലാനര്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.


ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന 35കാരനായ വിരേന്‍ ഖന്ന പഠനത്തിനായാണ് ബംഗളൂരുവിലേക്കു പോയത്. ഇതു പൂര്‍ത്തിയായതിനുശേഷം പാര്‍ട്ടികള്‍ സംഘടിപ്പിച്ചു തുടങ്ങുകയായിരുന്നു. അധികം വൈകാതെ വിരേന്‍ ഖന്ന പ്രൊഡക്‌ഷന്‍സ് എന്ന പേരില്‍ സ്വന്തം കമ്ബനി സ്ഥാപിച്ചാണ് പാര്‍ട്ടിക്ക് ആതിഥ്യം വഹിച്ചിരുന്നത്. ബംഗളൂരു പ്രവാസികള്‍ക്കു വേണ്ടി നടത്തുന്ന പാര്‍ട്ടികളിലൂടെ - ബംഗളൂരു പ്രവാസികളുടെ രാജാവ് - എന്നും ഇയാള്‍ വിശേഷണം ചാര്‍ത്തപ്പെട്ടിരുന്നു.


സ്വന്തം വീട്ടിലും ഇയാള്‍ പാര്‍ട്ടികള്‍ നടത്തിയിരുന്നു. പലപ്പോഴും ശബ്ദമലിനീകരണത്തിന് അയല്‍ക്കാര്‍ പരാതി നല്‍കിയിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടികള്‍ നടത്തുന്നതിന് ബംഗളൂരുവിലെ സ്റ്റാര്‍ ഹോട്ടലുകളുമായി ഇയാള്‍ കരാര്‍ ഉണ്ടാക്കിയിരുന്നുവെന്ന് മുന്‍പ് വാര്‍ത്ത വന്നിട്ടുണ്ട്. മാത്രമല്ല, നഗരത്തില്‍ പ്രധാന മദ്യ ബ്രാന്‍ഡുകളുമായും ഇയാള്‍ കരാറുണ്ടാക്കിയിട്ടുണ്ട്. പല പാര്‍ട്ടികളും ഇവരെക്കൊണ്ട് സ്പോന്‍സര്‍ ചെയ്യിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K