29 August, 2020 06:34:26 PM


ഓണത്തിരക്കിനിടയില്‍ കോവിഡ് പ്രതിരോധം മറന്നു പോയാല്‍ നടപടിയുണ്ടാകും



കോട്ടയം: കോവിഡ് സമ്പര്‍ക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായി  രൂപീകരിച്ച ക്വിക് റെസ്‌പോണ്‍സ് ടീമുകള്‍ ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും സജീവമായി പരിശോധന നടത്തിവരികയാണ്. അസിസ്റ്റന്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, തദ്ദേശ സ്വയം ഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങള്‍ പൊതു സ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലുമൊക്കെ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിനായാണ് പ്രവര്‍ത്തിക്കുന്നത്. 


കോവിഡ് വ്യാപനം തടയുന്നതിനായി ഓണത്തോടനുബന്ധിച്ച്   പൊതുജനങ്ങളും കച്ചവട സ്ഥാപനങ്ങളും പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ പാലിക്കാത്തവര്‍ക്കെതിരെയാണ് നടപടിയെടുക്കുക. കോട്ടയം താലൂക്കില്‍ വിവിധ മേഖലകളില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍  പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 42 പേര്‍ക്കെതിരെയും 26 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടുകയും മാസ്‌ക് ധരിക്കാതിരിക്കുകയും ശരിയായി ധരിക്കാതിരിക്കുകയും ചെയ്ത  29 പേര്‍ക്ക് പിഴ ചുമത്തി. 13പേര്‍ക്ക് താക്കീതു നല്‍കി.


സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്ത എട്ട് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നപടിയെടുത്തു.  സാമൂഹിക അകലം ഉറപ്പാക്കാതെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ച ആറ് കടകള്‍ക്കും മാസ്‌ക് ധരിക്കാതെ എത്തിയവരെ അകത്ത്  പ്രവേശിപ്പിച്ചതിന് 12  കടകള്‍ക്കുമെതിരെ നടപടിയുണ്ടായി. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന കടകള്‍ അഞ്ച് ദിവസത്തേക്ക്  അടച്ചിടുന്നതിനുള്ള ശുപാര്‍ശ  ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K