26 August, 2020 12:37:24 PM


തീ പടർന്നത് തകരാറിലായ ഫാനില്‍ നിന്ന്; അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ



തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിന്റെ പ്രാഥമിക നിഗമനം. ഓഫീസ് മുറിയിലുണ്ടായിരുന്ന ഒരു ഫാനിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്നുമാണ് പ്രാഥമികമായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഓഫീസിൽ സ്ഥാപിച്ചിരുന്ന തകരാറുണ്ടായിരുന്ന ഒരു ഫാനിൽ നിന്നാണ് തീ പടർന്നതെന്നാണ് പോലീസ് കരുതുന്നത്.

ഫാനിന്റെ കേബിളിൽ നിന്ന് തീ പടരുകയായിരുന്നു. മുകൾഭാഗം തെർമോക്കോൾ പോലെയുള്ള വസ്തുകൊണ്ടാണ് റൂഫിങ് ചെയ്തിരുന്നത്. ഇതിലേക്ക് തീ പടർന്നതിനാലാണ് വലിയ പുകയും മറ്റും ഉണ്ടായത്. ഇതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായ ഫാൻ പൊട്ടിവീണതോടെ ഫയലുകളിലേക്കും തീ പടർന്നുവെന്നാണ് കരുതുന്നത്. തകരാറുകൾ ഉണ്ടായിരുന്ന ഫാൻ ഓഫ് ചെയ്യാൻ സാധിക്കുമായിരുന്നില്ല.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രോട്ടോക്കോൾ വിഭാഗം ഓഫീസിൽ അണുനശീകരണ ലായനി സ്പ്രേ ചെയ്തിരുന്നു. ഇങ്ങനെ ചെയ്ത സമയത്ത് ഫാനിലേക്ക് ഈ സാനിറ്റൈസർ വീഴുകയും അത് ഷോർട്ട് സർക്യൂട്ടിന് കാരണമാവുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. അല്ലെങ്കിൽ തുടർച്ചയായി പ്രവർത്തിച്ചതുമൂലം ഫാനിന്റെ മോട്ടോർ ചൂടായി തീ പടർന്നതാകാമെന്ന നിഗമനവുമുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് വിഷയത്തിൽ നടക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K