17 August, 2020 08:25:43 AM


കുന്ദാപുരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു



മംഗളൂരു: കുന്ദാപുര കൊടേരി കടപ്പുറത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ഒരാളെ കാണാതായി. ഏഴുപേര്‍ രക്ഷപ്പെട്ടു. കിരിമഞ്ചേശ്വര സ്വദേശികളായ മഞ്ജുനാഥ് ഖാര്‍വി (38), ലക്ഷ്മണ്‍ ഖാര്‍വി (34), ശേഖര്‍ ഖാര്‍വി (35), നാഗരാജ് ഖാര്‍വി (46) എന്നിവരാണ് മരിച്ചത്.  'സാഗരശ്രീ' എന്ന ബോട്ടിലുള്ളവരാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച  രാവിലെ പത്തരയോടെയാണ് ഇവര്‍ മല്‍സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയില്‍പെട്ട് ബോട്ട് പാറയില്‍ ഇടിച്ച് മറിയുകയായിരുന്നു. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. സംഭവം കണ്ട മറ്റു ബോട്ടുകളിലെ മല്‍സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 


രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.  മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രയിലെത്തിച്ചു. വിവരമറിഞ്ഞ് ബൈന്ദൂര്‍ എം.എല്‍.എ ബി.എം സുകുമാര്‍ ഷെട്ടിയും മുന്‍ എം.എല്‍.എ ഗോപാല്‍ പൂജാരിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലാ സഹകരണ ഫിഷ് സെയില്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റ് യശ്പാല്‍ സുവര്‍ണ അധികൃതരോട് അഭ്യര്‍ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K