11 August, 2020 09:44:23 PM


"ദുരിതമീ യാത്ര": നട്ടെല്ല് ഒടിയും ഈ കോവിഡ് സെന്‍ററിലേക്കുള്ള യാത്രയില്‍



കോട്ടയം: ജില്ലയിലെ പ്രധാന ഫസ്റ്റ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ ഒന്നായ മംഗളം എന്‍ജിനീയറിങ് കോളജിലേക്കുള്ള യാത്രയില്‍ രോഗികളുടെ നട്ടെല്ല് ഒടിയാതിരുന്നാല്‍ ഭാഗ്യം. പൂര്‍ണമായും തകര്‍ന്ന റോഡിലൂടെ ആംബുലന്‍സിലാണെങ്കിലും രോഗബാധിതരുടെ യാത്ര ഏറെ ദുഷ്കരം. ഏറ്റുമാനൂര്‍ നഗരസഭയുടെ നാലാം വാര്‍ഡിലാണ് ഈ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്. കോവിഡ് രോഗികളെ പാര്‍പ്പിക്കുന്നതിന് മുന്നോടിയായി എല്ലാ അറ്റകുറ്റപ്പണികളും സെന്‍ററില്‍ നടത്തിയെങ്കിലും ഇവിടേയ്ക്ക് എത്താനുള്ള റോഡിന്‍റെ ശോചനീയാവസ്ഥ മാത്രം അധികൃതരുടെ കണ്ണില്‍പെട്ടില്ല.


റോഡുകളില്‍ രൂപം കൊണ്ട വലിയ കുഴികളില്‍ അകപ്പെട്ട് ആംബുലന്‍സുകള്‍ തള്ളിക്കയറ്റേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. കോവിഡ് രോഗികളുമായി വരുന്ന ആംബുലന്‍സ് ആയതിനാല്‍ സഹായിക്കാന്‍ നാട്ടുകാരും തയ്യാറാവില്ല.  ഇതുമൂലം ആംബുലന്‍സ് ഡ്രൈവര്‍മാരും രോഗികളും അനുഭവിക്കുന്ന ദുരിതം ഒട്ടും ചില്ലറയല്ല. കോവിഡ് രോഗികളുടെ പ്രധാന ക്ലസ്റ്ററുകളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. സെന്‍ററിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും മുന്‍സിപ്പല്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ സഞ്ചരിക്കും ഇതേ വഴിയിലൂടെയാണ്. 


ഈ വഴിക്ക് വേണ്ടത്ര വീതിയില്ലാത്തതും മറ്റൊരു പ്രധാന പ്രശ്‌നമാണ്. എതിരെ ഒരു ഓട്ടോറിക്ഷ വന്നാല്‍ പോലും കടന്നു പോകാന്‍ ആംബുലന്‍സുകള്‍ക്ക് സാധിക്കില്ല. എല്ലാകൊല്ലവും കാലവര്‍ഷത്തിന് മുന്‍പായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താറുള്ളതാണ്. എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം അടുത്ത മഴയ്ക്ക് തന്നെ റോഡ് തകരുന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാര്‍. മുകളില്‍ നിന്ന് ജലം കുത്തിയൊഴുകുന്നതാണ് റോഡ് തകരാനുള്ള പ്രധാനകാരണം. എന്നാല്‍ നഗരസഭയിലെ 'കസേരകളി'യ്ക്കിടയില്‍ നിരത്തുകളുടെ അറ്റകുറ്റപണികള്‍ നടത്താന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ലെന്നതും മറ്റൊരു വശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K