10 August, 2020 03:29:12 PM


മദ്യപിച്ച്‌ കിടന്നുറങ്ങിയ മോഷ്ടാവ് ഉറക്കമുണര്‍ന്നപ്പോള്‍ പൊലീസ് സ്റ്റേഷനില്‍



വടക്കാഞ്ചേരി: മോഷണം നടത്തിയശേഷം മദ്യപിച്ച്‌ കിടന്നുറങ്ങിയ ആള്‍ ബോധം വന്നപ്പോള്‍ പൊലീസ് സ്റ്റേഷനില്‍. ഒല്ലൂര്‍ മരത്താക്കര ചൂണ്ടയില്‍വീട്ടില്‍ സോഡാബാബു എന്നറിയപ്പെടുന്ന ബാബുരാജിനെയാണ് (40) പൊലീസ് പിടികൂടിയത്. ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. വെള്ളിയാഴ്ച ഒരു വീട്ടില്‍നിന്ന് രണ്ടുപവന്‍ മാലയും മൊബൈല്‍ ഫോണും 'അടിച്ചുമാറ്റി'യ ഇയാള്‍ വടക്കഞ്ചേരിയിലെത്തി. 


മാല ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയംവച്ചു. പിറ്റേദിവസം രാവിലെയോടെ വടക്കാഞ്ചേരി ടി.ബി. ജംഗ്ഷനടുത്ത് ഇയാളെ നാട്ടുകാര്‍ ബോധമില്ലാതെ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്തൊക്കെ മോഷ്ടിച്ചുവെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ഇയാള്‍ കൃത്യമായി പറഞ്ഞു കൊടുത്തു. പണയംവച്ച മാലയും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K