09 August, 2020 07:07:28 PM


കോവിഡിനൊപ്പം വെള്ളപൊക്കവും: ആശങ്കയിൽ ഏറ്റുമാനൂർ പേരൂർ നിവാസികൾ



കോട്ടയം: പ്രളയത്തിനൊപ്പം കോവിഡിന്‍റെ പിടിയില്‍ അമര്‍ന്ന് പേരൂര്‍. ക്വാറന്റയിനിൽ കഴിയുകയായിരുന്ന ഒരു കുടുംബം വെള്ളത്തിനു നടുവില്‍നിന്നും രക്ഷപെട്ട് എത്തിയത് കോവിഡ് സെന്‍ററില്‍. പേരൂര്‍ പായിക്കാട് ഭാഗത്ത് കഴിഞ്ഞ ദിവസം വീടിനുള്ളിൽ അരയ്ക്കൊപ്പം വെള്ളത്തിൽ കഴിഞ്ഞിരുന്ന നാലംഗകുടുംബത്തെയാണ് അഗ്നിരക്ഷാ സേന രക്ഷിച്ച് കോവിഡ് സെന്‍ററില്‍ എത്തിയച്ചത്. നാല് പേരുടെയും കോവിഡ് പരിശോധനാഫലം പോസിറ്റീവായിരുന്നു. 


ഇതിനുപിന്നാലെയാണ് പാറേക്കടവ് കണ്ണോത്ത് ഭാഗത്ത് ഇന്ന് ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ഒരേ കുടുംബത്തില്‍നിന്നാണ്. ഓട്ടോതൊഴിലാളിയായ 45 കാരനും 15ഉം 13ഉം വയസ് പ്രായമുള്ള രണ്ട് മക്കള്‍ക്കും. തൊട്ടടുത്ത വീട്ടിലെ അമ്മയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇവരുടെതന്നെ അയല്‍വാസിയായ 55 വയസുകാരിയെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്ന് ദിവസം മുമ്പ് ഏറ്റുമാനൂരിലെ ഓട്ടോഡ്രൈവറുടെ മകള്‍ക്കും അയല്‍വാസിക്കും രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ പ്രദേശത്തെ ജനങ്ങളാകെ ഭീതിയിലാണ്.


കഴിഞ്ഞ കുറെ ആഴ്ചകളായി കോവിഡ്  പേരൂര്‍ സ്വദേശികളെ വേട്ടയാടുകയാണ്. മുബൈയിൽ നിന്നും എത്തി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്വാറന്റയിനിൽ കഴിഞ്ഞിരുന്നവരാണ് പായിക്കാട് ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍. പായിക്കാട് ഭാഗത്ത് തന്നെ ആഴ്ചകള്‍ക്കുമുമ്പ് പൂനെയില്‍നിന്നും എത്തിയ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പല സ്ഥലങ്ങളിലും കോവിഡ് പിടിമുറുക്കിയ ഈ സമയം പ്രളയം വന്നത് ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K