09 August, 2020 05:45:48 PM


വില്ലന്‍ ഗൂഗിള്‍ മാപ്പോ? ജസ്റ്റിനെ മരണത്തിലേക്ക് ഒഴുക്കിയത് ഗൂഗിളെന്ന് സംശയം




കോട്ടയം: മണര്‍കാട് നാലുമണിക്കാറ്റില്‍ ജസ്റ്റിന്‍ എന്ന കാര്‍ ഡ്രൈവറെ മരണത്തിലേക്ക് ഒഴുക്കിവിട്ടത് ഗൂഗിള്‍ മാപ്പാണെന്ന സംശയം ബലപ്പെടുന്നു. അങ്കമാലി അമലപുരം മഞ്ഞപ്ര ആട്ടോക്കാരന്‍ വീട്ടില്‍ ജസ്റ്റിന്‍ (൨൬) ആണ് ഞായറാഴ്ച പുലര്‍ച്ചെ പാലമുറിയില്‍ ഒഴുക്കില്‍പെട്ടത്. നെടുമ്പാശ്ശേരിയില്‍ നിന്നും മല്ലപ്പള്ളിയില്‍ യാത്രക്കാരെ ഇറക്കി തിരികെ എളുപ്പവഴിക്കായി ജസ്റ്റിന്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 


കോട്ടയം ടൗണിലെത്താതെ എറണാകുളത്തിന് മല്ലപ്പള്ളിയില്‍ നിന്നും എളുപ്പവഴിയാണ് മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡ്. എന്നാല്‍ വെള്ളപൊക്കത്തില്‍ റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റില്ല എന്ന വിവരം ജസ്റ്റിന്‍ അറിഞ്ഞിരുന്നില്ലെന്നുവേണം അനുമാനിക്കാന്‍. റോഡിന്‍റെ നടുക്ക് അരയാള്‍ പൊക്കത്തില്‍ വെള്ളവും നല്ല കുത്തൊഴുക്കും ഉണ്ടായിരുന്നു.


റോഡില്‍ നിന്നും മുപ്പത് മീറ്റര്‍ മാറി ഞായറാഴ്ച ഉച്ചകഴി‍ഞ്ഞ് ഒന്നര മണിയോടെയാണ് കാറ് കണ്ടെത്തിയത്. കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദേശീയദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ കരയ്ക്കെത്തിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K