09 August, 2020 01:50:52 PM


പ്രളയഭീതി ഉയര്‍ത്തി അണക്കെട്ടുകള്‍ നിറയുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയഭീതി ഉയര്‍ത്തി അണക്കെട്ടുകള്‍ നിറയുന്നു. എട്ട് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.4 അടിയായി. കനത്ത മഴതുടരുന്നതിനാല്‍ ഡാമിലേക്കുളള നീരൊഴുക്കിന്റെ ശക്തി കൂടുതലാണ്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കും. പമ്പ ഡാം തുറക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.



ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2361 അടിയായി. സംഭരണ ശേഷിയുടെ 67 ശതമാനമാണിത്. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പേപ്പാറ ഡാമും തുറന്നു. മഴ ശക്തമാവുകയാണെങ്കില്‍ ബാണാസുര അണക്കെട്ടും തുറക്കും.പമ്ബ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. എട്ടുമണിക്കൂര്‍ ഡാമിലെ ഷര്‍ട്ടറുകള്‍ ഉയര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും 36 മണിക്കൂറിന് മുന്‍പ് അതത് ജില്ലാ ഭരണകൂടത്തെ അറിയിച്ച്‌ അനുമതി വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഡാം തുറന്നാല്‍, ഏതൊക്കെ പുഴകളിലും തോടുകളിലും വെള്ളം ഉയരുമെന്ന് കണക്കാക്കി തദ്ദേശ സ്ഥാപനങ്ങള്‍ 15 മണിക്കൂര്‍ മുമ്ബ് ജനങ്ങളെ ഉച്ചഭാഷിണിയിലൂടെ അറിയിക്കും.



സംസ്ഥാനത്തിന്റെ പലയിടത്തും ഇപ്പോള്‍ ശക്തമായ മഴയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്ബ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K