08 August, 2020 09:54:24 PM


കോട്ടയത്ത് വീണ്ടും പ്രളയം: പേരൂരില്‍ ഗേജ് സ്കെയില്‍ മുങ്ങി; വീടുകള്‍ വെള്ളത്തിനടിയില്‍



കോട്ടയം: അതിതീവ്രമഴയില്‍ കോട്ടയത്തിന്‍റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത് തീരപ്രദേശങ്ങളില്‍ വീണ്ടും പ്രളയത്തിന് കാരണമായി. ജലനിരപ്പ് അറിയുന്നതിനുള്ള ഗേജ് സ്കെയില്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ അവസ്ഥയാണ് പേരൂരില്‍. അപകട ലെവലായ ഗേജ് സ്കെയിലിലെ അളവ് പേരൂരില്‍ 4 ആണെന്നിരിക്കെ 6.35 ഉം കടന്ന്  അതിതീവ്രമായ വെള്ളപൊക്കത്തിലേക്ക് അടുക്കുകയാണ്. ഇത് ഇന്ന് രാത്രി 9 മണിക്കുള്ള കണക്കാണ്. 


അതേസമയം നീലിമംഗലം, നാഗമ്പടം, കുമരകം, തിരുവാര്‍പ്പ്, കരിമ്പിന്‍കാലാ കടവ് എന്നിവിടങ്ങളിലെല്ലാം ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുന്നതായാണ് രാത്രി 9 മണിക്കുള്ള റിപ്പോര്‍ട്ടുകള്‍. പേരൂര്‍, നട്ടാശ്ശേരി ഭാഗങ്ങളിലെല്ലാം മുന്‍വര്‍ഷങ്ങളിലെ പ്രളയത്തിന് സമാനമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. പലയിടത്തും വൈദ്യുതി വിതരണം ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി ലൈനുകള്‍ വെള്ളത്തില്‍ മുട്ടികിടക്കുന്നത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നുമുണ്ട്. കോട്ടയം ജില്ലയില്‍ രാവിലെ മാറിനിന്ന മഴ ഉച്ചകഴിഞ്ഞ് വീണ്ടും നിലയ്ക്കാതെ പെയ്യുകയാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K