03 August, 2020 06:13:31 PM


ഇന്ന് 962 പേര്‍ക്ക് കോവിഡ്: വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായി - മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 801 പുതിയ രോഗികള്‍ . 815 രോഗമുക്തി. ഇന്ന് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.  85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. സമ്പർക്കം വഴി  801 രോഗികള്‍. ഇതില്‍ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം 40. 15  ആരോഗ്യ പ്രവർത്തകരും 6 വിവിധ ബറ്റാലിയൻ ഉദ്യോഗസ്ഥരും രോഗികള്‍. 


രണ്ടു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേര്‍ രോഗമുക്തരായി. ഇന്ന് 815 രോഗമുക്തി ഉണ്ടായി. രോഗബാധിതരില്‍ വിദേശത്തുനിന്ന് വന്നവര്‍ 55 പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ 85 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 


205 പേര്‍ക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം-106, ആലപ്പുഴ-101, തൃശ്ശൂര്‍-85 മലപ്പുറം-85, കാസര്‍കോട്-66, പാലക്കാട്-59, കൊല്ലം-57, കണ്ണൂര്‍-37, പത്തനംതിട്ട-36, കോട്ടയം-35 കോഴിക്കോട്-33, വയനാട്-31, ഇടുക്കി-26 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.


സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ ജനങ്ങള്‍ ഒരു തരത്തിലുമുള്ള അയവും വരുത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


രോഗം വന്നിട്ട് ചികിത്സിക്കുക മാത്രമല്ല,  രോഗം വരാതിരിക്കാനും പകരാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ വളരെ പ്രധാനമാണ്. നേരത്തെ നാം ആവശ്യമായ മുന്‍കരുതലുകള്‍ വലിയ തോതില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ നാം അലംഭാവം കാണിച്ചു. അതാണ് ഇന്നത്തെ അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നതിന് കാരണമെന്ന് കുറ്റബോധത്തോടെ ഓര്‍ക്കണം. ഇനിയെങ്കിലും ഗൗരവത്തോടെ ഒരേമനസ്സോടെ നീങ്ങാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം-253, കൊല്ലം-40, പത്തനംതിട്ട-59, ആലപ്പുഴ-50, കോട്ടയം-55, ഇടുക്കി-54, എറണാകുളം-38, തൃശ്ശൂര്‍-52, പാലക്കാട്-67, മലപ്പുറം-38, കോഴിക്കോട്- 26, വയനാട്-8, കണ്ണൂര്‍-25 കാസര്‍കോട്-50. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 506 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.


കഴിഞ്ഞ 24 മണിക്കൂറിനകം 19,343 സാമ്ബിള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10779 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 1,115 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 11,484 പേരാണ്. ഇതുവരെ ആകെ 4,00029 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3,926 സാമ്ബിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണന ഗ്രൂപ്പുകളില്‍നിന്ന് 1,27,233 സാമ്ബിളുകള്‍ ശേഖരിച്ചു. 1,254 സാമ്ബിള്‍ നെഗറ്റീവ് ആയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K