24 July, 2020 05:51:10 PM


തയ്യൽ തൊഴിലാളി ക്ഷേമനിധി: വനിത ഓഫീസറെ തടഞ്ഞ് വച്ച് സമരം: പ്രതികളെ വെറുതെ വിട്ടു



കോട്ടയം : തയ്യൽ തൊഴിലാളി ക്ഷേമനിധി ഓഫീസ് ഉപരോധിച്ച് വനിതാ ജില്ലാ ഓഫീസറെ പ്രാഥമിക ആവശ്യത്തിന് പോലും പോകുവാൻ അനുവദിക്കാതെ ഘരോവോ ചെയ്തെന്ന കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ഔദ്യോഗിക രേഖകൾ വലിച്ച് എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് കോട്ടയം ഈസ്റ്റ് പോലീസ് ചാർജ് ചെയ്ത കേസിൽ സി പി ഐ കോട്ടയം മണ്ഡലം സെക്രട്ടറി പാറമ്പുഴ സ്വദേശി റ്റി.സി. ബിനോയ്, സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് മെംബർ പി.കെ കൃഷ്ണന്റെ മകനും എ.ഐ വൈ എഫ് നേതാവുമായ കെ.ആർ. പ്രവീൺ, പനച്ചിക്കാട് ലോക്കൽ കമ്മറ്റി അംഗങ്ങളായ ജയകുമാർ ജി, കുഞ്ഞുമോൻ വർക്കി, കുമാരനല്ലൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രസാദ് പി.ജി., സോമൻ  ജി എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ട്  കോട്ടയം ജൂഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് മിഥുൽ ഗോപി ജി.എസ്സ്  ഉത്തരവായത്.


04.09.12 സെപ്തംബര്‍ ന് രാവിലെ 10 മണി മുതൽ 2 വരെ ജില്ലാ ഓഫീസറെ തടഞ്ഞ് വച്ച് ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തി എന്നതായിരുന്നു കേസ്. ഒരു വർഷത്തിലധികമായി തൊഴിലാളികൾ സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കാത്ത ഓഫീസർക്കെതിരെയുള്ള പ്രതിഷേധ സമരമാണെന്നും, വകുപ്പ് തല അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പിന്നീട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കള്ള കേസാണ് ഇതെന്നും പ്രതിഭാഗം വാദിച്ചു. സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യേഗസ്ഥരെയും മാധ്യമ പ്രവത്തകരെയും സാക്ഷികൾ ആക്കാതെ ജീവനക്കാരെ മാത്രം ദൃക്സാക്ഷികൾ ആയി വിസ്തരിച്ചത് സംശയകരമാണെന്നുമുള്ള പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.


വിസ്താരമധ്യേ സമരമാണെന്ന പരിഗണന നൽകി കേസ് പിൻവലിക്കുവാൻ സർക്കാർ ഹർജി നൽകിയെങ്കിലും ജില്ലാ ഓഫീസർ സ്വകാര്യ അഭിഭാഷകനെ നിയമിച്ച് തടസ്സ ഹർജി നൽകിയതിനെ തുടർന്ന് കേസ്സ് പിൻവലിക്കുവാനുള്ള ഹർജി അനുവദിച്ചില്ല. പത്ത് സാക്ഷികളും പ്രാസിക്യൂഷന് അനുകൂലമായി മൊഴി പറഞ്ഞ കേസ് നീണ്ട എട്ട് വർഷകാലം വേണ്ടി വന്നു തീർപ്പാക്കുവാൻ. പ്രതികൾക്ക് വേണ്ടി അഡ്വ: ജിതേഷ് ജെ.ബാബു ഹാജരായി. വിസ്താരമധ്യേ എഴാം പ്രതിയും പുതുപ്പള്ളി മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന ഉണ്ണി പെരുമാൾ മരിച്ചിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K