11 July, 2020 07:59:02 PM


കോവിഡ്: ജാഗ്രതാസമിതികള്‍ നിഷ്ക്രീയം; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച



ഏറ്റുമാനൂര്‍: കോവിഡ് പ്രതിരോധ നടപടികള്‍ക്കായി നഗരസഭയുടെ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ജാഗ്രതാസമിതികള്‍ നിഷ്ക്രീയമെന്ന് ആരോപണം. കഴിഞ്ഞ ദിവസം കോവിഡിനെതിെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി നഗരസഭയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് അംഗങ്ങള്‍ ഒന്നടങ്കം ഈ പരാതി ഉന്നയിച്ചത്. ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിലും ക്വാറന്‍റയിന്‍ ശരിയായ വിധം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും ജാഗ്രതാസമിതികള്‍ പരാജയപ്പെടുന്നതായി ചൂണ്ടികാണിക്കപ്പെട്ടു.


വിദേശത്തുനിന്നെത്തി പേരൂരില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന യുവാവിന് പത്ത് ദിവസം കഴിഞ്ഞിട്ടും വൈദ്യസഹായവും മറ്റും ലഭിക്കാതെ പോയത് ജാഗ്രതാസമിതിയുടെ വീഴ്ചയാണെന്ന് ആരോപിക്കപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കപ്പെട്ടു എന്ന് വരുത്താന്‍ പലയിടത്തും വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഫോണിലൂടെ രൂപീകരിച്ച സമിതിയാണ് പലയിടത്തുമുള്ളതെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ ജാഗ്രതാസമിതി യോഗങ്ങള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് നഗരസഭയില്‍ എത്തിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.


കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ ഭിക്ഷാടനവും വീടുകള്‍ കയറിയിറങ്ങിയുള്ള കച്ചവടവും നിരോധിച്ചതാണ്. എന്നാല്‍ വീണ്ടും ഇത് ആരംഭിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. വൃദ്ധരും കുട്ടികളും നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി പുറത്തിറങ്ങി സഞ്ചരിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. ഇത്തരത്തിലുള്ളവര്‍ പുറത്തിറങ്ങാതെ ശ്രദ്ധിക്കേണ്ട ചുമതല അതത് വാര്‍ഡിലെ അംഗന്‍വാടി അധ്യാപകരുള്‍പ്പെട്ട ജാഗ്രതാസമിതിക്കാണെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് വ്യക്തമാക്കി. 


കൗണ്‍സിലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കണമെന്നും വാര്‍ഡ് തലത്തില്‍ ബോധവല്‍ക്കരണം അടിയന്തിരമായി നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വാർഡ്തല സമിതി ആവശ്യമെങ്കില്‍ വിപുലീകരിക്കാമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു.  ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കുന്ന ആൾക്കാരെ കണ്ടെത്തി താക്കീത് നൽകുക. രോഗികളെ വേഗത്തിൽ ആശുപത്രിയില്‍ എത്തിക്കുന്നതിനും നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനും ഇടപെടുക. 


നാട്ടിലേക്ക് പോയി മടങ്ങിയെത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ വര്‍ദ്ധിച്ചുവരികയാണ്. പക്ഷെ ഇവര്‍ തിരിച്ചെത്തുന്നത് ആരും അറിയുന്നില്ലെന്നും ഇത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഏറ്റുമാനൂര്‍ ജനമൈത്രി പോലീസിന്‍റെ പ്രതിനിധി ബിജു കെ.കെ. അറിയിച്ചു. ഓരോ വാര്‍ഡിലും എത്തുന്ന മറുനാടന്‍ തൊഴിലാളികളെയും അന്യസംസ്ഥാന വാഹനങ്ങളെയും നിരീക്ഷിച്ച് വിവരം സ്റ്റേഷനിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ ജാഗ്രതാസമിതി തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നു. 


മാർക്കറ്റുകൾ, അക്ഷയ സെന്‍റർ, ഇറച്ചി കട തുടങ്ങിയ പൊതുഇടങ്ങളിലെ വര്‍ധിച്ചുവരുന്ന ആൾക്കൂട്ടം നിയന്ത്രിക്കണം. ഏറ്റുമാനൂര്‍ നിവാസികളായ 6 പേര്‍ക്ക് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തു. നിലവില്‍ 413 പേരാണ് നഗരസഭാ പരിധിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 132 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. കോവിഡ് പോസിറ്റീവായാല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നഗരസഭ മുന്‍കൈ എടുത്ത് ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍ അധ്യക്ഷനായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K