10 July, 2020 04:15:00 PM


ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍; വഴിയോര കച്ചവടം നിരോധിക്കും

മാര്‍ക്കറ്റ് പ്രവര്‍ത്തനസമയത്ത് റോഡുകള്‍ ഭാഗികമായി അടക്കും; നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴ

 


ഏറ്റുമാനൂർ : കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ച് ഏറ്റുമാനൂർ നഗരസഭ. രണ്ടു ദിവസത്തിനുള്ളിൽ വഴിയോര കച്ചവടങ്ങൾ പൂർണ്ണമായും നിരോധിക്കും. ആളുകളുടെ തിരക്ക് വർധിക്കുവാനിടയുള്ള മത്സ്യമാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ഇറച്ചി കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  സംസ്ഥാനത്തിനു വെളിയില്‍ നിന്നും രോഗബാധ അതിരൂക്ഷമായ ജില്ലകളില്‍ നിന്നും ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഏറ്റുമാനൂരിലെ മാര്‍ക്കറ്റുകളില്‍ എത്തിചേരുന്നത്. 


നിയന്ത്രണാതീതമായ രീതിയില്‍ ഏറ്റവുമധികം വാഹനങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നുപോകുന്നത് മത്സ്യമാര്‍ക്കറ്റിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റുമാനൂരിലെത്തിക്കുന്ന മീന്‍ ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതിന് പുറമെ അയല്‍ജില്ലകളിലേക്ക് കയറ്റിവിടുന്നുമുണ്ട്. കോവിഡിനെതിരെ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വകരിക്കുന്നതില്‍ മാര്‍ക്കറ്റില്‍ വന്‍വീഴ്ച സംഭവിക്കുന്നതായി പരക്കെ പരാതി ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നില്ലാ എങ്കില്‍ മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


വെള്ളിയാഴ്ച  ആർ ഡി ഒ ജോളി ജോർജ്ജ്,  തഹസിൽദാർ പി ജി രാജേന്ദ്ര ബാബു നഗരസഭ സെക്രട്ടറി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മാർക്കറ്റിലെ വിൽപന തൊഴിലാളികളും ചെറുകിട തൊഴിലാളികളുമുൾപ്പെടെ മത്സ്യവിപണനത്തില്‍ ഏര്‍പ്പെടുന്നവര്‍ സാനിറ്റൈസര്‍, മാസ്ക്, കയ്യുറ, കാലുറയോടുകൂടിയ ബൂട്ട് എന്നിവ ധരിക്കണമെന്ന് ആര്‍ഡിഓ നിര്‍ദ്ദേശിച്ചു. 



മത്സ്യമാര്‍ക്കറ്റിലേക്ക് വണ്‍വേ സംവിധാനം ഞായറാഴ്ച  രാത്രി മുതല്‍ ഏര്‍പ്പെടുത്തും. വാഹനങ്ങള്‍ എം.സി.റോഡില്‍ നിന്നും സ്വകാര്യബസ് സ്റ്റാന്‍റിലേക്ക് പ്രവേശിക്കുന്ന വഴിയിലൂടെ മാര്‍ക്കറ്റില്‍ പ്രവേശിക്കണം. ബസ് സ്റ്റാന്‍റില്‍ നിന്നും പുറത്തേക്കുള്ള വഴിയിലൂടെ ഇറങ്ങിപോകുകയും വേണം. രാത്രിയില്‍ മാര്‍ക്കറ്റ് ഭാഗത്തേക്കുള്ള മറ്റ് വഴികളെല്ലാം അടച്ചിടും. നിലവില്‍ മത്സ്യവുമായി വരുന്ന വാഹനങ്ങള്‍ സ്വകാര്യബസ് സ്റ്റാന്‍റില്‍ പാര്‍ക്ക് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കും.


രാത്രിയിൽ മത്സ്യ മാർക്കറ്റിൽ ലോഡുമായി എത്തുന്ന  ലോറികളിലെ ആൾക്കാരെ പരിശോധിക്കാനും  രജിസ്റ്റർ ചെയ്യുവാനുമായി പ്രവേശന കവാടത്തിൽ നിരീക്ഷണ കൗണ്ടർ സ്ഥാപിക്കും. മത്സ്യം വരുന്നത് ഏത് കടപ്പുറത്തു നിന്നുമാണ് അത് ഏത് മാർക്കറ്റിൽ നിന്നും ലഭിച്ചു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കൗണ്ടറിൽ രേഖപ്പെടുത്തും. തെർമ്മൽ സ്കാനർ പരിശോധന ഉണ്ടായിരിക്കും. കൗണ്ടറില്‍ അണുനശീകരണം നടത്തി സ്റ്റിക്കര്‍ പതിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനമനുവദിക്കു.


തൊഴിലാളികളുടെ പൂർണ്ണവിവരം കൗണ്ടറിൽ രേഖപ്പെടുത്തും. മീനുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ താഴെയിറങ്ങാന്‍ അനുവദിക്കില്ല. ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും മറ്റും അതാത് വ്യാപാരികള്‍ വണ്ടിയില്‍ എത്തിച്ചുകൊടുക്കണം. ഇവരുള്‍പ്പെടെ പുറത്തു നിന്നെത്തുന്നവർക്ക് പ്രത്യേക ശുചിമുറി തയാറാക്കണം. ബാത്ത് റൂം സാനിറ്റൈസ് ചെയ്യണം. 

രാത്രികാലങ്ങളിൽ ആയിരത്തോളം ചെറുകിട കച്ചവടക്കാരാണ് ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വന്നുപോകുന്നത്. ഈ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടാവണം. മൊത്ത - ചില്ലറ വിപണനകേന്ദ്രങ്ങളിലെ സ്റ്റാളുകളിൽ സ്റ്റാഫിനെ പരിമിതപ്പെടുത്തും.  ചില്ലറ വില്ലനക്കാർ ഉപകരണങ്ങൾ സാനിറ്റൈസ് ചെയ്യണം.


നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴയുൾപ്പെടെയുള്ള നിയമ നടപടികൾ  സ്വീകരിക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. നഗരപരിധിയിലെ മുഴുവന്‍ വഴിവാണിഭക്കാരെയും ഒഴിപ്പിക്കുന്നതോടൊപ്പം കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ എല്ലാ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കുമെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. യോഗത്തിൽ  ചെയർമാൻ ബിജു കുമ്പിക്കൻ അധ്യക്ഷനായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K