09 July, 2020 06:42:33 PM


സമ്പര്‍ക്കം മുഖേന രോഗവ്യാപനം; കോട്ടയം ജില്ലയില്‍ ആന്‍റിജന്‍ പരിശോധന തുടങ്ങി



കോട്ടയം: സമ്പര്‍ക്കം മുഖേനയുള്ള രോഗവ്യാപനം കണ്ടെത്തുന്നതിനും പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട് കോട്ടയം ജില്ലയില്‍ കോവിഡ് ആന്‍റിജന്‍ പരിശോധനയ്ക്ക് തുടക്കം കുറിച്ചു. ആദ്യ ദിനമായ ഇന്ന് ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ 50 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൂക്കില്‍നിന്നുള്ള സ്രവസാമ്പിളാണ് ശേഖരിക്കുന്നത്. അറുപത് വയസിനു മുകളിലുള്ളവരെയും ഗര്‍ഭിണികളെയും പത്തു വയസില്‍ താഴെയുള്ള കുട്ടികളെയുമാണ്  പ്രധാനമായും ഉള്‍പ്പെടുത്തിയത്. എല്ലാവരുടെയും ഫലം നെഗറ്റീവാണ്.


സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മേഖലയെന്ന നിലയിലാണ് ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ പരിഗണിച്ചത്. പള്ളിക്കത്തോട് പഞ്ചായത്തിലാണ് അടുത്ത ഘട്ടമായി ആന്‍റിജന്‍ പരിശോധന നടത്തുക. പതിനഞ്ചു മിനിറ്റിനുള്ളില്‍ ഫലം അറിയാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ സവിശേഷത. ഡോക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഏഴ് ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K