09 July, 2020 09:00:28 AM


ട്രിപ്പിൾ ലോക്ക് ഡൗൺ: തിരുവനന്തപുരം നഗരത്തില്‍ കൂടുതൽ ഇളവുകൾ



തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ ഭരണകൂടം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കാം. ഈ സമയങ്ങളിൽ ഒരുകാരണവശാലും വിൽപ്പന പാടില്ലെന്നും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.


വിൽപ്പന നടത്തുന്ന സമയങ്ങളിൽ കർശനമായ കോവിഡ് മാനണ്ഡങ്ങൾ പാലിക്കണം. തിരുവനന്തപുരം കോർപ്പറേഷൻ, കണ്ടെയിൻമെന്റ് സോൺ പരിധിക്കുള്ളിൽ ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. എന്നാൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിലും ബഫർ സോണുകളിലും പ്രവർത്തനം പാടില്ല. ട്രിപ്പിൾ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ അതേപടി തുടരും.


അതേസമയം, തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.


ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K