07 July, 2020 08:20:16 AM


'നയതന്ത്ര' സ്വര്‍ണക്കടത്ത്: പിന്നില്‍ വമ്പന്മാര്‍; ഇന്‍റർപോൾ സഹായം തേടി കസ്റ്റംസ്


uploads/news/2020/07/408931/sarith.jpg


തിരുവനന്തപുരം: ഇന്ത്യയിലെയും യു.എ.ഇയിലെയും നയതന്ത്രസ്വാധീനമുപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തിയ സംഭവത്തില്‍ വമ്പന്‍മാര്‍ക്കു പങ്ക്. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാര സംസ്ഥാന ഐ.ടി. വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസറായിരുന്ന സ്വപ്‌ന സുരേഷാ(38)ണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.


ഉന്നതബന്ധമുള്ള ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) തെരയുന്നു. അതേസമയം, സ്വപ്‌നയെ ഐ.ടി. വകുപ്പില്‍നിന്നു തിടുക്കത്തില്‍ പുറത്താക്കി. യു.എ.ഇ. എംബസിയിലെ ജോലിയില്‍നിന്നു പുറത്തായതിനേത്തുടര്‍ന്നാണു സ്വപ്‌ന ഐ.ടി. വകുപ്പില്‍ പ്രവേശിച്ചത്. ''ഇ-മൊബിലിറ്റി'' പദ്ധതിയിലൂടെ സര്‍ക്കാരിനെ വിവാദത്തിലാക്കിയ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് മുഖേനയായിരുന്നു നിയമനം. ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ തങ്ങളുടെ സുഹൃദ്‌വലയത്തിലുണ്ടെന്നു സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത യു.എ.ഇ. കോണ്‍സലേറ്റ് മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സരിത്ത് മൊഴി നല്‍കി.


16 തവണ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്തി. പുതുതായി ഐ.ടി. ഹബ് തുടങ്ങാനാണു സ്വര്‍ണക്കടത്തെന്നു സ്വപ്‌ന തന്നോടു പറഞ്ഞതായും സരിത്ത് വെളിപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരുകളടക്കം സരിത്തിന്റെ മൊഴിയിലുണ്ടെന്നാണു സൂചന. സരിത്തിനെ എന്‍.ഐ.എ, റോ, ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ സംയുക്തമായാണു ചോദ്യംചെയ്തത്.


ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്‌നയുടെ പൂജപ്പുരയിലെ ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശകനായിരുന്നെന്നു സമീപവാസികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നു ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത ഡി.ആര്‍.ഐ. നിരവധി രേഖകള്‍ കണ്ടെടുത്തു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍സ്രാവുകളുണ്ടെന്ന വിവരത്തേത്തുടര്‍ന്ന് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തേക്കും. ശിവശങ്കറിനെ ഉള്‍പ്പെടെ ചോദ്യംചെയ്യുമെന്നാണു സൂചന. കേരളത്തിലും യു.എ.ഇയിലുമടക്കം വ്യാപിച്ചുകിടക്കുന്ന കള്ളക്കടത്തുസംഘം ഇതിനകം 200 കോടിയുടെ സ്വര്‍ണമെങ്കിലും കടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്.


തിരുവനന്തപുരത്ത് യു.എ.ഇ. കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ ഉദ്യോഗം നേടിയ രണ്ടുപേരാണു സ്വര്‍ണക്കടത്തിന്റെ കേന്ദ്രബിന്ദുക്കള്‍. കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ. സരിത്ത് കസ്റ്റംസിന്റെ വലയിലായതോടെയാണ് ഉന്നതഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്‌ന സുരേഷ്. സ്വപ്‌നയ്ക്ക് ഉന്നതോദ്യോഗസ്ഥരിലുള്ള വന്‍സ്വാധീനം സ്വര്‍ണക്കടത്തിനു സഹായകമായെന്നാണു സൂചന. നയതന്ത്രമേഖലകളില്‍ സ്വപ്‌നയുടെ സ്വാധീനം കേരളത്തിലെ നിരവധി ഉന്നതര്‍ ഉപയോഗിച്ചിട്ടുണ്ട്.


നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേകാവകാശം ഉപയോഗിച്ചായിരുന്നു സ്വര്‍ണക്കടത്ത്. ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാതെ കടത്തിവിടുകയാണു ചെയ്യുന്നത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ എന്തെങ്കിലും കൊണ്ടുവരണമെങ്കില്‍ ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതിയോ തിരുവനന്തപുരത്തെ കോണ്‍സല്‍ ജനറലോ അറിഞ്ഞിരിക്കണം. ആര്‍ക്കുവേണ്ടിയാണു സ്വര്‍ണം കൊണ്ടുവന്നതെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച യു.എ.ഇയിലെ വമ്പന്‍മാര്‍ ആരെന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K