05 July, 2020 08:43:48 PM


അടച്ച സ്വകാര്യ ആശുപത്രിയില്‍ വൃക്ക രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യ വകുപ്പ്



കോട്ടയം: ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തിരുന്ന രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യ വകുപ്പ്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം അടുത്ത രണ്ടാഴ്ച്ചത്തേയ്ക്ക് ഇവിടെ താമസിച്ച് സേവനം ലഭ്യമാക്കും. ആദ്യ ദിവസമായ ഇന്ന് മൂന്നു രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തു.


മൂന്നു മെഷീനുകളുള്ള ആശുപത്രിയില്‍ പത്തു രോഗികള്‍ക്ക് ആഴ്ച്ചയില്‍ 24 ഡയാലിസിസാണ് നടത്തിയിരുന്നത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍  സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് അടിയന്തരമായി പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍. ആശുപത്രിയിലെ സംവിധാനങ്ങള്‍തന്നെയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. 


ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 


കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. മനേഷ് കുമാറിനാണ് ചികിത്സാ സംഘത്തിന്റെ ചുമതല. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍ ആനന്ദ് അശോകനും മെഡിക്കല്‍ കോളേജ്, കോട്ടയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികള്‍, കരിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് സംഘം. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പി.പി.ഇ കിറ്റ് ധരിച്ചാണ്  ഡയാലിസിസ് നടത്തുന്നത്.  ഓരോ രോഗിയുടെയും ഡയാലിസിസ് ഷെഡ്യൂളും തയ്യാറാക്കിയിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K