03 July, 2020 06:37:45 PM


രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും കോവിഡ്: കോട്ടയത്ത് ഇന്നും ഇന്നലെയും ഇത്തരം കേസുകള്‍




കോട്ടയം: രോഗമുക്തി നേടിയ ആളുകള്‍ക്ക് വീണ്ടും കോവിഡ് പിടിപെടുന്ന സാഹചര്യവും നിലനില്‍ക്കുന്നു. കോട്ടയം ജില്ലയില്‍ ഇന്നും ഇന്നലെയും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേരും വിദേശത്ത് ചികിത്സയിലായി അസുഖം കുറഞ്ഞ് നാട്ടില്‍ എത്തിയവരായിരുന്നു.


അബുദാബിയില്‍നിന്ന് ജൂണ്‍ 30ന് എത്തി കളമശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി(30)യ്ക്കാണ് ഇന്ന് ഈ രീതിയില്‍ വീണ്ടും കോവിഡ് പിടിപട്ടത്. അബുദാബിയില്‍ രോഗം സ്ഥിരീകരിച്ചതിനുശേഷം ചികിത്സയില്‍ രോഗമുക്തനായാണ് നാട്ടിലേക്ക് മടങ്ങിയത്. യാത്രയ്ക്കു മുന്‍പ് അബുദാബിയില്‍ നടത്തിയ ആന്‍റിബോഡി പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ ആന്‍റിബോഡി പരിശോധാഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഷാര്‍ജയില്‍നിന്ന്  ജൂണ്‍ 19ന് എത്തിയ പായിപ്പാട് സ്വദേശിനി (27) ആണ് വീണ്ടും രോഗം പിടിപെട്ട മറ്റൊരാള്‍. ഇവര്‍ക്ക് ഇന്നലെയാണ് രോഗം വീണ്ടും സ്ഥിരീകരിച്ചത്. ഷാര്‍ജയില്‍വച്ച് മെയ് 10ന് രോഗം സ്ഥിരീകരിച്ചശേഷം അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ജൂണ്‍ മൂന്നിന് നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിനുശേഷമാണ് നാട്ടിലെത്തിയത്. ഇവിടെയെത്തി ക്വാറന്‍റയിനില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K