23 June, 2020 12:22:12 PM


കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ യു.ടി. രാജന്‍ അന്തരിച്ചു



കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍മേയര്‍ യു.ടി. രാജന്‍(70) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. അഭിഭാഷകന്‍, രാഷ്ട്രീയ നേതാവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ.എസ്.യു. വിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്.


കോഴിക്കോട് ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹിയായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ്-എസ് പാര്‍ട്ടിലീഡറായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസ് എസിന് മേയര്‍പദവി ലഭിച്ചപ്പോഴാണ് രാജന്‍ നഗരപിതാവായത്. ഒരു വര്‍ഷം ആ പദവിയിലിരുന്നു.
1991-ല്‍ ന്യൂയോര്‍ക്കില്‍നടന്ന ലോക പരിസ്ഥിതിസമ്മേളനത്തില്‍ അദ്ദേഹം കോഴിക്കോട് കോര്‍പ്പറേഷനെ പ്രതിനിധീകരിച്ചു. യു.കെ., യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന്‍ 2019-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K