19 June, 2020 04:20:58 PM


ബിജെപി ബഹിഷ്കരിച്ചു; എല്‍ഡിഎഫ് മത്സരിച്ചു; യുഡിഎഫ് ജയിച്ചു!



ഏറ്റുമാനൂര്‍: കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഒട്ടേറെ നാടകീയസംഭവങ്ങല്‍ക്ക് വേദിയായി മാറിയ നഗരസഭയാണ് ഏറ്റുമാനൂര്‍. വെള്ളിയാഴ്ച നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് അതില്‍ ഏറ്റവും ഒടുവിലത്തേതും. അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ചെയര്‍മാന്‍മാരും മൂന്ന് ആക്ടിംഗ് ചെയര്‍മാന്‍മാരും 'കസേരകളി' നടത്തി എന്ന നേട്ടമാണ് കോണ്‍ഗ്രസ് പ്രതിനിധിയായ ബിജു കൂമ്പിക്കന്‍ വെള്ളിയാഴ്ച ചെയര്‍മാനായി അധികാരമേറ്റതോടെ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് കൈവന്നത്. അതും സിപിഎം പ്രധാന കക്ഷിയായ എല്‍ഡിഎഫ് തോല്‍വി ഉറപ്പാക്കിയിട്ടും മത്സരരംഗത്ത് ഉണ്ടായതുകൊണ്ടുമാത്രം.


35 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് കേവലഭൂരിപക്ഷമില്ല. കോണ്‍ഗ്രസിന് ഒമ്പതും കേരളാ കോണ്‍ഗ്രസിന് അഞ്ചും അംഗങ്ങളുള്ള യുഡിഎഫ് നാലര വര്‍ഷം മുമ്പ് ഭരണം പിടിച്ചെടുത്തത് തന്നെ കസേരകള്‍ പങ്കുവെച്ചായിരുന്നു. സിപിഎമ്മിനും ബിജെപിയ്ക്കും സ്ഥിരം സമിതി അധ്യക്ഷന്മാരുടെ 3  സ്ഥാനങ്ങള്‍ പങ്കിട്ടുനല്‍കി. നാല് സ്വതന്ത്രന്മാരുള്ളതില്‍ രണ്ട് പേര്‍ക്ക് ആറ് മാസം വീതം  ചെയര്‍മാന്‍സ്ഥാനവും നല്‍കി. ഇതിനിടെ വെച്ചുനീട്ടിയ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം  കൊടുക്കാതെ ഒരു സ്വതന്ത്രഅംഗത്തെ പറ്റിക്കുകയും ചെയ്തു. 


സ്ഥാനങ്ങള്‍ കിട്ടിയതോടെ എല്‍ഡിഎഫും ബിജെപിയും എന്തു വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി യുഡിഎഫിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി പ്രതിഷേധസമരങ്ങളും ഇവരുടെ വകയായി അരങ്ങേറികൊണ്ടിരുന്നു. ഇതിനിടെയാണ് കാലാവധി അവസാനിക്കാന്‍ 5 മാസം പോലും ബാക്കിയില്ലാത്ത സാഹചര്യത്തില്‍ അഞ്ചാമത് ചെയര്‍മാനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടന്നത്. തങ്ങളുടെ പ്രതിഷേധമറിയിച്ച് ഒരു സ്വതന്ത്ര അംഗവും ഒരു സിപിഎം അംഗവും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചപ്പോള്‍ അഞ്ച് ബിജെപി അംഗങ്ങളും ഈ വഴി തെരഞ്ഞെടുത്തു.


പക്ഷെ സിപിഎം പ്രതിനിധിയായ വികസനകാര്യസ്ഥിരംസമിതി അധ്യക്ഷനെ മുന്നില്‍നിര്‍ത്തി എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ ഉറച്ചുനിന്നു. തോല്‍വി അറിഞ്ഞുകൊണ്ടുതന്നെ. അതേസമയം, ബിജെപിയും സ്വതസ്ത്ര അംഗവും എടുത്ത നിലപാട് എല്‍ഡിഎഫും എടുത്തിരുന്നുവെങ്കില്‍ ബിജു കൂമ്പിക്കന്‍ നഗരസഭാ ചെയര്‍മാനായി അധികാരമേല്‍ക്കുമായിരുന്നില്ല. എല്‍ഡിഎഫിന്‍റെ 12ഉം ബിജെപിയുടെ 5ഉം ഒരു സ്വതന്ത്ര അംഗവും ഉള്‍പ്പെടെ 18 പേര്‍ വിട്ടുനിന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുമായിരുന്നില്ല. ഹാജര്‍നില ആകെ അംഗങ്ങളുടെ 50 ശതമാനത്തില്‍ താഴെയായാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്നേനെ.


ഒറ്റയ്ക്കു മത്സരരംഗത്തെത്തിയാല്‍ വിജയം അസാധ്യമാകുന്ന യുഡിഎഫിന് ഭരണം കയ്യാളാന്‍ സഹായിച്ചത് എല്‍ഡിഎഫ് തന്നെയെന്ന് ചില പാര്‍ട്ടി പ്രവര്‍ത്തകരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇരു മുന്നണികളും തമ്മിലുള്ള കൂട്ടുകെട്ട് വികസനത്തിനു തടസം സൃഷ്ടിക്കുന്നു എന്നു കൂടി ആരോപിച്ചാണ് ബിജെപി ഇന്ന് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. യുഡിഎഫിനെ പിന്താങ്ങിയുള്ള ഒരു വിഭാഗം എല്‍ഡിഎഫ് പ്രതിനിധികളുടെ നീക്കം സിപിഎമ്മിനുള്ളിലും ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K