19 June, 2020 01:37:18 PM


ഏറ്റുമാനൂർ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബി.ജെ.പി



ഏറ്റുമാനൂർ: നഗരസഭയിലെ അഞ്ചാമത് ചെയർമാൻ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബി.ജെ.പി കൗൺസിലര്‍മാര്‍ ധർണ്ണ നടത്തി. നഗരസഭയിലെ വികസനം അട്ടിമറിച്ചുള്ള യു.ഡി.എഫിന്‍റെ അധികാര വടംവലി രാഷ്ട്രീയം അവസാനിപ്പിക്കുക, യു ഡി എഫിന്‍റെ അധികാര മോഹം എല്‍ഡിഎഫിന് അഴിമതി നടത്താൻ സഹായിച്ചു, യു.ഡി.എഫിന്‍റെ അധികാര കൈമാറ്റത്തിന് സമയം കളയാൻ ഞങ്ങളില്ല, അഞ്ച് വർഷം 5 ചെയർമാൻ നഗരസഭക്ക് നാണക്കേട് തുടങ്ങിയവ ആലേഖനം ചെയ്ത പ്ലേക്കാഡ് ഉയർത്തിയായിരുന്നു നഗരസഭാ ഓഫീസിനു മുന്നില്‍ നടന്ന ധർണ്ണ.


നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഗണേഷ് ഏറ്റുമാനൂർ, മറ്റ് കൗൺസിലര്‍മാരായ അനീഷ് വി.നാഥ്, ഉഷ സുരേഷ്, ഏ.ജി. പുഷ്പലത, അജിശ്രീ മുരളി എന്നിവരാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. നഗരസഭയുടെ അദ്യകാല പദ്ധതിയായ ഗ്യാസ് ക്രമി റ്റോറിയം, തിയറ്റർ കോംപ്ലക്സ് സമുച്ഛയം, മുൻസിപ്പൽ ഓഫീസിനു സമീപം വിഭാവന ചെയ്ത പച്ചക്കറിസ്റ്റാൾ കെട്ടിടം, നഗരസഭക്ക് വേണ്ടി പഴയ പഞ്ചായത്ത് കെട്ടിടത്തിന്‍റെ സ്ഥാനത്ത് നിർമ്മിക്കാനുദ്ദേശിച്ച പുതിയ ഓഫീസ് കെട്ടിടം തുടങ്ങിയ നിർമ്മാണ പ്രവത്തികൾ അധികാര കൈമാറ്റം മൂലം അട്ടിമറിക്കപ്പെട്ടുവെന്ന് ബിജെപി അംഗങ്ങള്‍ ചൂണ്ടികാട്ടി.


മാറി മാറി വന്ന ചെയർമാന്മാർ വേണ്ട  ശ്രദ്ധ ചെലുത്താത്തതിനാൽ ഉദ്യോഗസ്ഥർ ഓഫീസ് നിർവ്വഹണത്തിൽ അലംഭാവം കാണിച്ചതു മൂലം നഗരസഭാ കാര്യാലയത്തിലെ പ്രവർത്തനങ്ങൾ താറുമാറായെന്നും ചെയർമാന്മാരുടെ ഇഷ്ട കാരായ ചില ഇടതുപക്ഷ കൗൺസലറന്മാരുടെ ഇടപെടൽ മൂലംചില പദ്ധതികളിൽ അഴിമതി ആരോപിക്കപ്പെട്ടത് ഈ അധികാര കൈമാറ്റത്തിന്‍റെ ബാക്കിപത്രമാണന്നും നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഗണേഷ് ഏറ്റുമാനൂർ പറഞ്ഞു. 35 അംഗ ഭരണസമിതിയില്‍ ബിജെപി അംഗങ്ങള്‍ക്കുപുറമെ സിപിഎമ്മിലെ ബിനേഷും സ്വതന്ത്ര അംഗം ബീനാ ഷാജിയും തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K