17 June, 2020 07:46:31 AM


തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം: പോളിംഗ് സമയം നീട്ടും; വോട്ടർ പട്ടിക നാളെ



തിരുവനന്തപുരം: കോവിഡ് ഭീതി തുടർന്നാലും ഒക്ടോബർ അവസാനം തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. നവംബർ 12 ന് പുതിയ ഭരണ സമിതികൾ അധികാരത്തിൽ വരുന്ന രീതിയിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കാൻ തീരുമാനം. കോവിഡ് പ്രോട്ടോക്കോളും സമൂഹ അകലവും പാലിച്ച് കൂടുതൽ സമയം വേണ്ടി വരുമെന്നതിനാല്‍ രാവിലെ എഴുമുതൽ വൈകിട്ട് ആറു വരെ വോട്ടെടുപ്പ് നടത്താനാണ് ആലോചന. നിലവിൽ ഏഴു മുതൽ അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം.


ഇതിനായി നിയമ ഭേദഗതി വരുത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വി.ഭാസ്കരൻ ഒരു മാധ്യമത്തോട് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളും കമ്മിഷൻ ആലോചിക്കുന്നുണ്ട്.സാധാരണ രീതിയിലുള്ള പ്രചരണ പ്രവർത്തനങ്ങൾ സാധ്യമാകില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. അതിനാല്‍ കമ്മിഷൻ വെർച്വൽ ക്യാംപൈന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇപ്പോൾത്തന്നെ പ്രധാന രാഷ്ട്രീയ പാർട്ടികൾ പലവിധത്തിൽ ഓൺലൈൻ ആശയ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. 

നിലവിൽ പുരുഷന്മാർ അധ്യക്ഷന്മാരായ തദേശ സ്ഥാപനങ്ങളിൽ സ്ത്രീകളാകും അടുത്ത തവണ അധ്യക്ഷസ്ഥാനത്തേക്കു വരിക. സ്ത്രീകൾ അധ്യക്ഷകളായ സ്ഥാപനങ്ങളിൽ പുരുഷന്മാരും അധ്യക്ഷ സ്ഥാനത്തേക്കു വരും. സംവരണ വാർഡുകൾ ഇത്തവണയും നറുക്കെടുപ്പിലൂടെ തന്നെ തീരുമാനിക്കും. തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടികയിൽ പേരു ചേർക്കാൻ രണ്ടവസരം കൂടി നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K