16 June, 2020 04:51:32 PM


മദ്യലഹരിയില്‍ യാത്രക്കാരി വിന്‍ഡോ ഇടിച്ചുതകര്‍ത്തു; വിമാനം അടിയന്തരമായി നിലത്തിറക്കി




ബീജിംഗ്: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിലായ യാത്രക്കാരി വിന്‍ഡോ ഇടിച്ചുതകര്‍ത്തു. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലായിരുന്നു യുവതി. ചൈനയിലെ ആഭ്യന്തര സര്‍വീസ് ആയ ലാങൂ എയര്‍ലൈന്‍സ് വിമാനത്തില്‍  ആയിരുന്നു സംഭവം


29കാരിയായ ലി എന്ന യുവതിയാണ് വൈകാരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അതിക്രമം കാണിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വെയ്‌ബോ പോലെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സിനിംഗില്‍ നിന്ന് തീരദേശ നഗരമായ യാങ്‌ചെങിലേക്ക് പോയതായിരുന്നു വിമാനം. ജീവനക്കാരും മറ്റ് യാത്രക്കാരും യുവതിയെ ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. യുവതിയുടെ അതിക്രമത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഴെങ്‌ഴൂവില്‍ ഇറക്കി.


സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ലിയെ അടുത്തകാലത്ത് കാമുകന്‍ കയ്യൊഴിഞ്ഞു. ഇതിനെ തുടര്‍ന്നുള്ള വൈകാരിക പ്രശ്‌നത്തിലായിരുന്നു ലീ. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് അവര്‍ അരലിറ്ററോളം നാടന്‍ മദ്യമായ 'ബൈജിയു' കഴിച്ചു. ഇതില്‍ 35-60% ആല്‍ക്കഹോളാണ്. തുടര്‍ന്നാണ് അവര്‍ വിമാനത്തിനുള്ളില്‍ അക്രമാസക്തയായത്. മറ്റാര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.


പ്രണയ നൈരാശ്യത്തിന്റെ പേരിലാണ് സംഘര്‍ഷമുണ്ടാക്കിയതെങ്കിലും പോലീസ് ലീയെ വിട്ടയക്കാന്‍ തയ്യാറായിട്ടില്ല. വിമാനത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പിഴ അടച്ചാല്‍ മാത്രമേ അവര്‍ക്ക് പുറത്തുകടക്കാന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റഷ്യന്‍ വിമാനത്തില്‍ കോക്ക്പീറ്റില്‍ കയറി ബഹളം വച്ച യാത്രക്കാരനെ സഹയാത്രക്കാര്‍ സീറ്റില്‍ കെട്ടിയിട്ടിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K