13 June, 2020 02:13:13 PM


ഇരട്ടഡ്രൈവിംഗ് ലൈസൻസ് ഉള്ളവര്‍ കുടുങ്ങും; ഓൺലൈൻ പരിശോധന തുടങ്ങി




തിരുവനന്തപുരം: ഒന്നിലധികം ഡ്രൈവിങ് ലൈസൻസുകൾ കരസ്ഥമാക്കിയവർ ഇനി കുടുങ്ങും. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസുകൾ കേന്ദ്രീകൃത സംവിധാനമായ 'സാരഥി'യിലേക്കു മാറ്റാൻ തുടങ്ങിയപ്പോഴാണ് ഒരു പേരിൽ, ഒരേ വിലാസത്തിൽ ഒന്നിൽക്കൂടുതൽ ലൈസൻസുള്ളവരുടെ പട്ടിക തെളിയുന്നത്.


വാഹനനിയമലംഘനക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർ ശിക്ഷാകാലാവധി കഴിഞ്ഞ് ലൈസൻസ് പുനഃസ്ഥാപിക്കപ്പെട്ടാലും പുതിയതിന് അപേക്ഷിക്കാറുണ്ട്. വീണ്ടും പിടിക്കപ്പെട്ടാൽ ഒരിക്കൽ ശിക്ഷിക്കപ്പെട്ടത് അയോഗ്യതയായി കണക്കാക്കി ശിക്ഷ ഉയരുന്നത് ഒഴിവാക്കാനാണിത്. ഡേറ്റാ കൈമാറ്റം പൂർത്തിയാകുന്നതോടെ ഇത്തരം ലൈസൻസുകൾ അസാധുവാകും. മുന്പ് ലൈസൻസ് എടുത്തിട്ടുള്ളതല്ലാത്ത ഡ്രൈവിങ് സ്കൂളിൽനിന്ന് പഴയ വിലാസത്തിൽത്തന്നെ പുതിയ ലൈസൻസ് എടുക്കാം.


മോട്ടോർവാഹനവകുപ്പ് മുമ്പ് ഉപയോഗിച്ചിരുന്ന സ്മാർട്ട് മൂവ് സോഫ്റ്റ്വേറിലെ ന്യൂനതകാരണം ഈ ക്രമക്കേട് തടയാൻ കഴിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥനു സംശയംതോന്നി പരിശോധിച്ചാൽ മാത്രമേ മറ്റേതെങ്കിലും ഓഫീസിൽനിന്ന് ലൈസൻസ് നൽകിയിട്ടുണ്ടോ എന്നു കണ്ടുപിടിക്കാനാകൂ. അതേസമയം 'സാരഥി' നിരപരാധികളെയും വലയ്ക്കുന്നുണ്ട്. 85 ലക്ഷം ഡ്രൈവിങ് ലൈസൻസ് ഉടമകളിൽ ഭൂരിഭാഗംപേരും ഒന്നിലധികം മോട്ടോർവാഹനവകുപ്പ് ഓഫീസുകളുടെ സേവനം തേടിയവരാണ്. ബൈക്കിന്റെ ലൈസൻസ് ഒരു ഓഫീസിൽനിന്നും കാറിന്റെ ലൈസൻസ് വേറെ ഓഫീസിൽനിന്നും എടുത്തവരുണ്ട്. ഇരു ഓഫീസുകളിലും ഇവരുടെ പേരിൽ ലൈസൻസുള്ളതായി രേഖയുണ്ടാകും. 'സാരഥി' ഇത് ഇരട്ടിപ്പായി കാണുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്യും.


ലൈസൻസ് പുതുക്കാൻശ്രമിക്കുമ്പോഴോ പുതുതായി കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകുമ്പോഴോ ആകും തടസ്സമുണ്ടാകുക. ഇത് മാറ്റണമെങ്കിൽ ഏതെങ്കിലും ഓഫീസിൽ അസൽ രേഖകളുമായി ഹാജരാകണം. ഓഫീസുകൾ തുറന്നപ്പോൾ ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിച്ച പലർക്കും ഇത്തരത്തിൽ തടസ്സങ്ങളുണ്ടായി. സന്ദർശകരെ ഒഴിവാക്കണമെന്നു നിർദേശിക്കുമ്പോഴും ഇത്തരക്കാരെ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലാണ് അധികൃതർ. ഇ-മെയിലിൽ സത്യവാങ്മൂലം സ്വീകരിച്ച് കരിന്പട്ടികയിൽനിന്ന് മാറ്റുന്നതും പരിഗണനയിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K