12 June, 2020 11:05:31 AM


ലോകത്ത് കോവിഡ് ബാധിതര്‍ 76 ലക്ഷത്തിലേക്ക്; ബ്രിട്ടനെ മറികടന്ന് ഇന്ത്യ




ദില്ലി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക്. 75,83,521 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതുവരെ 4,23,082 പേരാണ് കോവിഡ് രോഗത്തെ തുടർന്ന് മരണമടഞ്ഞത്. രോഗം ഭേദമായവരുടെ എണ്ണം 38,33,166 ആയി. കോവിഡ് രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാമതെത്തി. വ്യാഴാഴ്ച ഇതാദ്യമായി ഇന്ത്യയിൽ പതിനായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവർ 2,97,436 ആയി. ഇന്ത്യയിലെ രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്.


ഒടുവിലത്തെ റിപ്പോർട്ടുപ്രകാരം ബ്രിട്ടനിൽ 2,91,409 പേരാണ് കോവിഡ് ബാധിതർ. അമേരിക്ക (20.7 ലക്ഷം), ബ്രസീൽ (7.75 ലക്ഷം), റഷ്യ (5.02 ലക്ഷം) എന്നിവയാണ് ഇന്ത്യയെക്കാൾ കൂടുതൽ രോഗികളുള്ള രാജ്യങ്ങൾ. പത്താം സ്ഥാനത്തുനിന്ന് വെറും 14 ദിവസം കൊണ്ടാണ് ഇന്ത്യ നാലാം സ്ഥാനത്തായത്. ബ്രസീലിൽ തുടർച്ചയായി ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത് 30,000 ലധികം കേസുകളാണ്.


റഷ്യയിൽ 8779 പേർ കൂടി രോഗികളായി. അമേരിക്കയിൽ 23,000 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ രോഗം റിപ്പോർട്ട് ചെയ്തത്. പാകിസ്താൻ (5834), മെക്സിക്കോ (4883), ബംഗ്ലാദേശ് (3187), ഇറാൻ (2218) എന്നിങ്ങനെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകൾ. മെക്സിക്കോയിലാണ് കൂടുതൽ മരണം; 708 പേർ. റഷ്യ (174), പാകിസ്താൻ (101) എന്നിങ്ങനെയാണ് രാജ്യങ്ങളിലെ കൂടിയ മരണനിരക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K